bjp

ഗുവാഹത്തി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച്​ അ​സം ഗ​ണ പ​രി​ഷ​ത്ത്​ (എ.​ജി.​പി)​ ബി.ജെ.പി വിട്ടു. ബം​ഗ്ലാ​ദേ​ശ്, പാക്കിസ്ഥാ​ൻ, അ​ഫ്​​ഗാ​നി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​സ്​​ലിം ഇ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കാ​നു​ള്ള കാ​ല​യ​ള​വി​ൽ ഇ​ള​വ്​ നി​ർ​ദേ​ശി​ക്കു​ന്ന​താ​ണ്​ ബി​ൽ. ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കാതിരിക്കാനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി അസം ഗണപഷത്ത് നേതാക്കൾ നടത്തിയ കൂടിക്കാഴ്‌ച പരാജയപ്പെട്ടതോടെയാണ് എൻ.ഡി.എ വിടാൻ എ.ജി.പി തീരുമാനിച്ചത്.

പൗരത്വ ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം നടക്കുമ്പോൾ ബി.ജെ.പി അത്കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എ.ജി.പി പ്രസിഡന്റും കൃഷി മന്ത്രിയുമായ അതുൽ ബോറ അരോപിച്ചു. 2016-ലെ പൗരത്വ ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാനാണ് ബി.ജെ.പി തീരുമാനമെങ്കിൽ സഖ്യം വിടുമെന്ന് അസം ഗണപരിഷത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ബി​ൽ ചൊ​വ്വാ​ഴ്​​ച ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ കേ​ന്ദ്രം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ബി​ല്ലി​നെ ശ​ക്​​ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും ബി.ജെ.​പി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും, എ.​ജി.​പി നേ​താ​​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പ്ര​ഫു​ല്ല​ കു​മാ​ർ മൊ​ഹ​ന്ത അ​റി​യി​ച്ചി​രു​ന്നു. 126 അംഗ അസം നിയമസഭയിൽ 61 സീറ്റുകളാണ് നിലവിൽ ബി.ജെ.പിക്കുള്ളത്. 12 സീറ്റുള്ള ബോഡോ പീപ്പൾസ് ഫ്രണ്ടാണ് എൻ.ഡി.എയിലെ മറ്റൊരു പ്രധാന സഖ്യകക്ഷി. അസം ഗണപരിഷത്തിന് 14 സീറ്റുകളും നിയമസഭയിലുണ്ട്.