national-strike

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് മൂലം സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. സർക്കാർ ഓഫീസുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം പണിമുടക്കിൽ തടസപ്പെട്ടു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസുകൾ നടത്തുന്നില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയ യാത്രക്കാർ വാഹനങ്ങളില്ലാതെ വലഞ്ഞു. പൊലീസ് വാഹനങ്ങളും അപൂർവം ചില സർവീസുകളും മാത്രമായിരുന്നു ഇവിടങ്ങളിൽ ആശ്രയം.

ദീർഘദൂര സർവീസുകളുൾപ്പെടെ കൂടുതൽ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിരുന്നെങ്കിലും പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം സമരത്തിലായതിനാൽ ഒരു സർവീസുപോലും ഓടിയില്ല. സ്വകാര്യ ബസ് സർവീസുകളും നിലച്ചു. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടുന്നുണ്ട്. ഒരിടത്തും വാഹനങ്ങൾ തടയാനോ നിർബന്ധിച്ച് കടകളോ സ്ഥാപനങ്ങളോ അടപ്പിക്കാനോ ശ്രമിച്ചതായി ഇതുവരെ റിപ്പോ‌ർട്ടില്ല.

തിരുവനന്തപുരമുൾപ്പെടെ സംസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം സമരക്കാർ ട്രെയിനുകൾ തടഞ്ഞത് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം വൈകാൻ ഇടയാക്കി.തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന പരശുറാം,വേണാട്, രപ്തി സാഗർ, ജനശതാബ്ദി ട്രെയിനുകളാണ് സമരക്കാർ തടഞ്ഞത്. ഇത് കാരണം പിന്നാലെയുള്ള ട്രെയിനുകൾ എല്ലാം പുറപ്പെടാൻ മണിക്കൂറുകളോളം വൈകി. തിരുവനന്തപുരത്ത് പുലർച്ചെ എത്തിച്ചേരേണ്ട അമൃത, മാവേലി, ചെന്നൈ സൂപ്പർഫാസ്റ്റ് തുടങ്ങിയവ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങി പ്രധാന സ്റ്റേഷനുകളിലെല്ലാം സമരക്കാർ ട്രെയിനുകൾ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ട്രെയിനുകൾ കടത്തി വിട്ടത്.

സെക്രട്ടേറിയറ്റും കളക്ടറേറ്റുമുൾപ്പെടെ നഗരത്തെ പ്രധാന സ‌ർക്കാർ സ്ഥാപനങ്ങളുടെയെല്ലാം പ്രവർത്തനം പണിമുടക്കിൽ സ്തംഭിച്ചു. പണിമുടക്കിന‌് മുന്നോടിയായി തമ്പാനൂരിൽ അർദ്ധരാത്രിയിൽ സംയുക്ത തൊഴിലാളി പ്രകടനം നടന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളിലും പണിമുടക്ക‌് വിളംബരം ചെയ‌്ത‌് തൊഴിലാളി പ്രകടനം നടന്നു. ആട്ടോറിക്ഷകളും, ടാക‌്സികളും, സ്വകാര്യ ബസുകളുമെല്ലാം തിങ്കളാഴ‌്ച രാത്രി സർവീസ‌് നിർത്തി. എന്നാൽ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. കൊച്ചിയുൾപ്പെടെ പ്രധാന നഗരങ്ങളിൽ തുറമുഖത്തും ഐ.ഒ.സി പോലുള്ള ചില പ്രമുഖ സ്ഥാപനങ്ങളിലും ജോലിക്കെത്തിയവരെ സമരസമിതി പ്രവർത്തകർ തടഞ്ഞു. പ്രധാന കേന്ദ്രങ്ങളിലെല്ലാം സമര സമിതിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.

തീർത്ഥാടകർക്കും ബുദ്ധിമുട്ട്

പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്താത്തത് ശബരിമല തീർത്ഥാടനത്തെയും സാരമായി ബാധിച്ചു.തിരുവനന്തപുരത്ത് നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. നിലയ്ക്കലിൽ നിന്ന് ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കോൺവോയ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നുണ്ട്. എന്നാൽ പണിമുടക്കിനെ തുടർന്ന് കാര്യമായ സർവീസുകൾ നിലയ്‌ക്കലിൽ നിന്ന് ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് തീർത്ഥാടകൾ പരാതിപ്പെടുന്നു. മകരവിളക്ക് അടുത്തതിനാൽ വൻ തിരക്ക് അനുഭവപ്പെടേണ്ട സന്നിധാനത്ത് തീർത്ഥാടകരുടെ എണ്ണം ഇപ്പോൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ.

കടകൾ തുറന്നു

അതേസമയം, പണിമുടക്കിൽ കടകൾ തുറക്കുന്നതിന് തടസമില്ലെന്ന് അറിയിച്ചതിനാൽ പലയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയാണ്. കൊച്ചിയിൽ ജില്ലാ കളക്‌ടർ മുഹമ്മദ് സഫീറുള്ളയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരിട്ടിറങ്ങി വ്യാപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയിലെ മിക്ക കടകളും തുറന്നു. കഴിഞ്ഞ ഹർത്താൽ ദിനത്തിൽ സംഘർഷമുണ്ടായ കോഴിക്കോട് മിഠായി തെരുവിലും കടകളെല്ലാം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തിരുവന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. നിർബന്ധിച്ച് കടകൾ അടപ്പിക്കില്ലെന്ന് സമരാനുകൂലികൾ അറിയിച്ചിട്ടുണ്ടെങ്കിലും പൊലീസ് കർശന സുരക്ഷയൊരുക്കിയിട്ടുണ്ട്. നാളെ അർദ്ധരാത്രി വരെ നീളുന്ന പണിമുടക്ക് സംസ്ഥാനത്ത് ഹർത്താലിന്റെ അന്തരീക്ഷമാണ് സംജാതമാക്കിയിട്ടുള്ളത്.

ഉത്തരേന്ത്യയിൽ ഭാഗികം

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് ഉത്തരേന്ത്യയിൽ ഭാഗികമായിരുന്നു. പശ്ചിമ ബംഗാളിൽ പണിമുടക്ക് അനുകൂലികളും തൃണമൂൽ കോൺഗ്രസ് അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി. കൊൽക്കത്തയിൽ പണിമുടക്ക് അനുകൂലികൾ ഒരു സ്‌കൂൾ ബസ് അടിച്ച് തകർത്തു. ഒഡിഷയിലും ഹർത്താൽ ജനജീവിതത്ത ബാധിച്ചിട്ടുണ്ട്. എന്നാൽ ഡൽഹി അടക്കമുള്ള നഗരങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടില്ല.