alok-varma

ന്യൂഡൽഹി: അർദ്ധരാത്രിയിൽ സി.ബി.ഐ തലപ്പത്ത് നിന്നും അലോക് വർമയെ നീക്കിയ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി നൽകി സുപ്രീം കോടതി. അലോക് വർമയെ സി.ബി.ഐ ഡയറക്‌ടർ സ്ഥാനത്ത് പുനർ നിയമിച്ച കോടതി കേന്ദ്രസർക്കാരിന്റെ നീക്കം തെറ്റാണെന്നും ചൂണ്ടിക്കാട്ടി. തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിക്കെതിരെ അലോക് വർമ നൽകിയ ഹർജിയിലാണ് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ അലോക് വർമയ്ക്ക് നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അലോക്‌ വർമയ്‌ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഈ മാസം 31 വരെ മാത്രം കാലാവധിയുള്ള അലോക്‌ വർമയുടെ കാര്യത്തിൽ ഒരാഴ്‌ചയ്‌ക്കകം സെലക്‌ട് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സി.ബി.ഐ തലപ്പത്തുണ്ടായ അധികാര വടംവലിക്ക് പിന്നാലെയാണ് ഒക്‌ടോബർ 23 അർദ്ധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അലോക് വർമയെ നീക്കിയത്. ഇതിനെതിരെ അലോക് വർമ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസിൽ വാദം കേട്ട കോടതി പ്രധാനമന്ത്രി,​ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ അടങ്ങിയ സെലക്‌ട് കമ്മിറ്റിക്ക് മാത്രമേ സി.ബി.ഐ ഡയറക്‌ടറെ മാറ്റാൻ അധികാരമുള്ളൂ എന്ന് വ്യക്തമാക്കുകയായിരുന്നു. സർക്കാരിന് ഏകപക്ഷീയമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

റാഫേൽ അഴിമതിക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ കേന്ദ്രസർക്കാരാണ് അലോക് വർമയെ മാറ്റിയതെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. ഇതിനോടകം തന്നെ റാഫേൽ കരാർ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രതിപക്ഷത്തിന് കൂടുതൽ ശക്തി പകരുന്നതാണ് വിധിയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ നയപരമാ കാര്യങ്ങളിൽ അലോക് വർമയ്‌ക്ക് നിർണായക തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന് ആശ്വാസം പകരുന്നതാണ്.