ആവശ്യമായ വെട്ടലും തിരുത്തലും വരുത്തി പ്രേക്ഷകന് മുന്നിലെത്തുന്ന ഓരോ സിനിമയ്‌ക്കും പറയാൻ അതിനുള്ളിൽ തന്നെ ധരാളം കഥകളുണ്ട്. സിനിമയുടെ റിലീസിന് ശേഷം വളരെ ദിവസങ്ങൾ കഴിഞ്ഞ് അതിന്റെ സംവിധായകനോ നിർമ്മാതാവോ അതുമല്ലെങ്കിൽ തിരക്കഥാകൃത്തിൽ നിന്നോ ഒക്കെയാകാം സിനിമയ്‌ക്കുള്ളിലെ സിനിമാക്കഥ പ്രേക്ഷകൻ അറിയുന്നത്.
മെഗാസ്‌റ്റാർ മമ്മൂട്ടിയെ നാകനാക്കി താൻ ഒരുക്കിയ ഒരുകുട്ടനാടൻ ബ്ളോഗിന്റെ ചിത്രീകരണത്തിനിടയിലും അത്തരമൊരു സംവഭമുണ്ടായി എന്നു പറയുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സേതു. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിലാണ് അദ്ദേഹം മനസു തുറന്നത്. 'ഒരു ചെറിയ ആക്‌സിഡന്റായിരുന്നു സംഭവം. അന്നത്തെ ഷൂട്ട് മൊത്തത്തിൽ മുടങ്ങി പോകുമായിരുന്ന അവസ്ഥയായിരുന്നു അത്. മമ്മൂക്ക ബുള്ളറ്റിൽ വരുന്നതും അൽപം പിറകിലായി സഹതാരങ്ങളായ സജ്ഞു ശിവറാമും ഷാഹിനും മറ്റൊരു ബൈക്കിലും വരുന്നതാണ് ചിത്രീകരിക്കുന്നത്.
ഷോട്ട് അടുത്തേക്ക് വരുന്തോറും ഷാഹിന്റെ ബൈക്ക് പെട്ടെന്ന് തെന്നി വീണു. വലിയൊരു ശബ്‌ദം കേട്ട് ഞങ്ങളെല്ലാം ഓടി അടുത്തെത്തുമ്പോഴേക്കും കൈ നന്നായി മുറിഞ്ഞ അവസ്ഥയിലായിരുന്നു ഷാഹിൻ. ഗ്രിഗറിയുടെ കാല് ഒടിഞ്ഞെന്ന് തോന്നുന്നുമുണ്ടായിരുന്നു. ഇനി എന്ത് ചെയ്യുമെന്ന് വിചാരിച്ചിരിക്കുകയാണ് എല്ലാവരും. ഒരുപാട് ഷോട്ടുകൾ അന്ന് എടുക്കാനുമുണ്ട്. ആ അവസരത്തിലാണ് മമ്മൂക്ക ഇടപെട്ടത്. ഇതൊന്ന് മാറ്റിയെഴുതാൻ പറ്റുമെങ്കിൽ ചെയ്യൂ, മൂന്ന് ബൈക്കൊന്നും എന്റെകൂടെ വരണമെന്നില്ലല്ലോ എന്ന് പറഞ്ഞത്. അതുപ്രകാരം ഞാൻ ആ സീൻ മാറ്റി എഴുതുകയായിരുന്നു'- സേതു പറയുന്നു.