narendra-modi

രാജ്യത്ത് എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ജനറൽ കാറ്റഗറിയിൽപ്പെട്ടവർക്ക് സംവരണാനുകൂല്യം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി.ബൽറാം. കഴിഞ്ഞ ദിവസമാണ് സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം ജനറൽ കാറ്റഗറിയിൽ നടപ്പിലാക്കാൻ മോദി സർക്കാർ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്ത കേരള മുഖ്യമന്ത്രിയുടെ നീക്കത്തെയാണ് കോൺഗ്രസ് എം.എൽ.എയായ വി.ടി.ബൽറാം വിമർശിക്കുന്നത്. ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് അക്കാരണം പറഞ്ഞ് അർഹതപ്പെട്ട വാർദ്ധക്യകാല പെൻഷനും വിധവാ പെൻഷനും വികലാംഗ പെൻഷനും നൽകാൻ തയ്യാറാവാത്ത കേരളത്തിലെ മുഖ്യമന്ത്രി 8 ലക്ഷം രൂപ വാർഷിക വരുമാനമുള്ള സവർണ്ണ സമ്പന്നർക്ക് സർക്കാർ ജോലി സംവരണം ചെയ്യാനുള്ള നരേന്ദ്ര മോഡിയുടെ തീരുമാനത്തെ ഒറ്റയടിക്ക് സ്വാഗതം ചെയ്യുന്നതെന്നാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അടിയന്തര മന്ത്രിസഭാ യോഗമാണ് കഴിഞ്ഞ ദിവസം ഈ തീരുമാനം കൈക്കൊണ്ടത്. എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ജനറൽ കാറ്റഗറിയിൽപ്പെട്ടവർക്കായിരിക്കും സംവരണാനുകൂല്യം ലഭിക്കുക. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള ബിൽ ഇന്നു തന്നെ പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ശൈത്യകാല സമ്മേളനം ഇന്ന് തീരുകയുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിറുത്തിയാണ് കേന്ദ്രത്തിന്റെ അടിയന്തര നീക്കം.