കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് പരാതിക്കാരിയുടെ ഏറ്റവുമടുത്ത സുഹൃത്തും കേസിലെ മുഖ്യ സാക്ഷികളിലൊരാളുമായ സിസ്റ്റർ അനുപമ. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിന് പിന്നിൽ ഉന്നത സ്വാധീനമാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഫ്രാങ്കോയുടെ അറസ്റ്റിന് മുമ്പുണ്ടായിരുന്ന സമാന സാഹചര്യം തന്നെയാണ് നിലനിൽക്കുന്നത്. തുടർന്നും നടപടികൾ വൈകുന്നത് ഇരയുൾപ്പെടെ കേസുമായി സഹകരിച്ച ആറ് കന്യാസ്ത്രീകളുടെയും മഠത്തിലെ ജീവിതം ദുസഹമാക്കുന്നുണ്ട്. എങ്കിലും പഴയ പോലെ ഉടൻ സമരത്തിനിറങ്ങാൻ തത്കാലം ഉദ്ദേശിക്കുന്നില്ല. സിസ്റ്റർ അനുപമ 'ഫ്ളാഷി'നോട് പറഞ്ഞു.
ഭയപ്പെട്ടുള്ള ജീവിതം
ഇപ്പോഴും മഠത്തിൽ ഭയപ്പെട്ടുള്ള ജീവിതമാണ് നയിക്കുന്നത്. ഇവിടെ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തലും പച്ചക്കറി കൃഷിയുമൊക്കെ നടത്തിയാണ് ജീവിതച്ചെലവ് കണ്ടെത്താൻ ശ്രമിക്കുന്നത്. ആരെയെങ്കിലും കിളയ്ക്കാനും മറ്റ് സഹായത്തിനും വിളിച്ചാൽ അവരെയൊക്കെ ഭീഷണിപ്പെടുത്തി പറഞ്ഞ് വിടുകയാണ്.മഠത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മദർ മറ്റൊരു സ്ഥലത്തേക്കു മാറിപ്പോയി. പകരം പുതിയ മദർ സുപ്പീരിയർ ആണ് ഇപ്പോൾ ചുമതലയേറ്റിരിക്കുന്നത്.സദാസമയവും മൂന്ന് വനിതാ പൊലീസുകാരുടെ കാവലുണ്ടെങ്കിലും മഠത്തിലെ സി.സി ടി.വി സംവിധാനം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇപ്പോഴും ശരിയാക്കിയിട്ടില്ല. കോമൺ മെസിൽ നിന്നാണ് എല്ലാവർക്കും ഭക്ഷണം തയ്യാറാക്കുന്നത്. ഞങ്ങൾ ആറ് കന്യാസ്ത്രീകളും പ്രാർത്ഥനയും കൃഷിയുമായാണ് ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
സഭാ അധികാരികൾ കണ്ണടയ്ക്കുന്നു
ഫ്രാങ്കോ മുളയ്ക്കൽ തെറ്റുകാരനല്ലെന്ന രീതിയിൽ കണ്ണടയ്ക്കുകയാണ് സഭാ അധികാരികൾ. അവരിൽ നിന്ന് യാതൊരു നീതിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ വട്ടോളി അച്ചനേയും നിശബ്ദനാക്കാനാണ് സഭാ അധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.