തിരുവനന്തപുരം: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ രംഗത്തെത്തി. സംവരണം സാമ്പത്തിക പദ്ധതി അല്ല. ഇത്തരം കാര്യങ്ങലെ മുൻ കാലങ്ങളിൽ സി.പി.എം എതിർത്തതാണെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
വാജ്‌പേയ് സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ തീരുമാനമെടുത്തപ്പോൾ സി.പി.എം എതിർത്തതാണ്. സംവരണം വോട്ടു ബാങ്ക് രാഷ്ട്രീയമായി തരംതാഴ്ത്താനുള്ള ശ്രമമാണ് ബി.ജെ.പിയുടേത്. രാജ്യവ്യാപകമായി ചർച്ചയില്ലാതെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. അതേസമയം, സാമ്പത്തിക സംവരണ ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ കഴിഞ്ഞ ദിവസം സി.പി.എം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലിച്ചിരുന്നു. ഇതിനിടയിലാണ് വി.എസ് എതിർ നിലപാടുമായി രംഗത്തെത്തിയത്.