priya-dutt

മുംബയ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് മുൻ കോൺഗ്രസ്​ എം.പിയും നടൻ സുനിൽ ദത്തി​ന്റെ മകളുമായ പ്രിയ ദത്ത്​ വ്യക്തമാക്കി. രാഷ്​ട്രീയ ബാധ്യതകൾ ജീവിതത്തിൽ പല നഷ്​ടങ്ങൾക്കും കാരണമായതായും അതേസമയം തനിക്ക്​ ഉണർവും വെളിച്ചവും പകർന്നുവെന്നും പ്രിയ പറഞ്ഞു.

'വ്യക്തി ജീവിതവും രാഷ്​ട്രീയ ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ വളരെ കഷ്​ടപ്പെട്ടു. തന്റെ മണ്ഡലത്തിനു വേണ്ടി കഴിയാവുന്നതെല്ലാം ചെയ്​തിട്ടുണ്ട്​. വളരെ സത്യസന്ധമായി അവരുടെ പ്രാതിനിധ്യം വഹിച്ചിട്ടുണ്ട്​. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്​ ജനങ്ങളെ സേവിക്കുന്നതിനുള്ള ഏക മാർഗമെന്ന്​ താൻ വിശ്വസിക്കുന്നില്ലെന്നും സജീവ രാഷ്​ട്രീയത്തിന്​ ഇടവേള നൽകുകയാണെന്നും അവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതെ'ന്നും പ്രിയ ദത്ത് വ്യക്തമാക്കി.

'പതിമൂന്നും പതിനൊന്നും വയസുള്ള രണ്ട് ആൺകുട്ടികളാണ് തനിക്കുള്ളത്. അവരുടെ ജീവിത്തതിലെ നിർണായകമായ വർഷങ്ങളാണിത്. ഈ സമയം അവർക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കണ'മെന്നും പ്രിയ ദത്ത് നേരത്തെ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

2005ലാണ് പ്രിയ ദത്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2005ൽ തന്നെ മുംബയ് നോർത്ത് സീറ്റിൽ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2009ലും ഇതേ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും പ്രിയ ദത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.