modi-amit-sha

തിരുവനന്തപുരം: മൂന്നുമാസമായി ശബരിമല വിഷയത്തിൽ സമരരംഗത്തുള്ള ബി.ജെ.പി അതിനൊപ്പം ലോക്സഭാ തിരഞ്ഞെെടുപ്പിനുള്ള ഒരുക്കങ്ങളും നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും കൂടി കളത്തിലിറങ്ങുന്നതോടെ പ്രചാരണത്തിൽ കുതിച്ചുചാട്ടം നടത്താമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

കേന്ദ്രഭരണം നിലനിറുത്താനാഗ്രഹിക്കുന്ന ബി.ജെ.പിക്ക് കഴിഞ്ഞതവണ തൂത്തുവാരൽ നടത്തിയ സംസ്ഥാനങ്ങളിൽ ഇത്തവണ സീറ്രുകുറയുമെന്ന കണക്കുകൂട്ടലുണ്ട്. ഈ നഷ്ടം നികത്താൻ കഴിഞ്ഞ തവണ രണ്ടാം സ്ഥാനം വന്ന സീറ്രുകളിലും കേരളം പോലുള്ള സംസ്ഥാനങ്ങളിലും നിന്ന് പരമാവധി സീറ്രുകൾ നേടണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒറീസ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് ബി.ജെ.പി കൂടുതൽ സീറ്ര് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച് കൂടുതൽ സീറ്ര് നേടാനാണ് പാർട്ടി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആറ്രിങ്ങൽ, പത്തനംതിട്ട, തൃശൂർ , പാലക്കാട് മണ്ഡലങ്ങളിലാണ് ബി.ജെ.പി പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖരോടൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത ചില സ്ഥാനാർത്ഥികളെയും ബി.ജെ.പി രംഗത്തിറക്കിയേക്കും.

ശബരിമല വിഷയത്തിൽ സമരം നടത്തിയതിലൂടെയുള്ള ഹൈന്ദവ ഏകീകരണത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം, അണികൾക്കും അനുഭാവികൾക്കും സി.പി.എം വിരോധം മൂത്തതിനാൽ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് അതുപയോഗപ്പെടുത്തുമോ എന്ന ആശങ്കയും നേതൃത്വത്തിന് ഇല്ലാതില്ല.

അയ്യപ്പജ്യോതി പോലുള്ള പരിപാടികളിലെ പങ്കാളിത്തം ബി.ജെ.പി ക്ക് ആവേശം നൽകുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ അജൻഡ നിശ്ചയിക്കുന്നത് തങ്ങളാണെന്നാണ് ബി.ജെ.പി ഇപ്പോൾ അവകാശപ്പെടുന്നത്. എന്നാൽ താഴേക്കിടയിൽ പാർട്ടി സന്ദേശം എത്തിക്കാൻ ബൂത്ത് തലം വരെയുള്ള പ്രവർത്തനം കാര്യക്ഷമമല്ല എന്ന വിലയിരുത്തലുമുണ്ട്. കേന്ദ്രഭരണ നേട്ടവും അതിന്റെ ഗുണഭോക്താക്കളുടെ വോട്ടും ആണ് തങ്ങളെ വിജയിപ്പിക്കുക എന്നാണ് ബി.ജെ.പിയുടെ വിശ്വാസം.