തലശ്ശേരി: ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് തലശ്ശേരിയിൽ അഞ്ച് ദിവസമായി നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ പ്രതിരോധിക്കാൻ സി.പി.എമ്മും ബി.ജെ.പിയും സ്വന്തമായി പ്രതിരോധ സേനയെ ഇറക്കുന്നു. ജില്ലാ ഭരണകൂടവും പൊലീസും ഒരുക്കുന്ന സുരക്ഷയെ വിശ്വാസത്തിൽ എടുക്കാതെയാണ് അക്രമ സാദ്ധ്യതയുള്ള നേതാക്കളുടെ യാത്രാവഴിയിലും പാർട്ടി ആസ്ഥാനത്തും സുരക്ഷയാരംഭിച്ചത്. പൊലീസിന്റെ നോട്ടപ്പുള്ളികളെ ഒഴിവാക്കി മുതിർന്ന പ്രവർത്തകരെയാണ് നിയോഗിച്ചത്.
സമാധാനയോഗത്തിൽ വിശ്വാസമില്ലാത്തതാണ് സ്വന്തമായി സുരക്ഷ വലയം തീർക്കാൻ കാരണം. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ കതിരൂർ പൊന്ന്യംപാലത്തിന് സമീപത്തെ കട, പുന്നോലിൽ മദ്രസ കെട്ടിടം, പാട്യത്ത് ബി.ജെ.പി. ഓഫീസ്, തോട്ടയിലും കൊളശ്ശേരിയിലും വീടുകൾ എന്നിവ ആക്രമിക്കപ്പെട്ടു. പുന്നോലിൽ പാറാൽ ജമാഅത്ത് പള്ളിക്കടുത്തെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയും അക്രമികൾ നശിപ്പിച്ചു. ന്യൂ മാഹി എസ്.ഐ. പി.കെ. സുമേഷ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കതിരൂർ പൊന്ന്യം പാലത്തിന് സമീപത്തെ ഗ്രിൽസ് കടയ്ക്ക് നേരെയും അക്രമം നടന്നു. സാധനങ്ങൾ സമീപത്തെ കിണറിലേക്ക് തള്ളിയിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. സ്റ്റേഷനറി കടയുടെ സി.സി.ടി.വി തകർത്ത ശേഷമാണ് അക്രമം. ഷട്ടറും തകർത്തിട്ടുണ്ട്.കടയുടമ ശശി ബി.ജെ.പി. അനുഭാവിയാണ്. ശശിയുടെ പരാതിയിൽ പാനൂർ പൊലീസ് പരിശോധന നടത്തി. കൊളശ്ശേരി ബാവാച്ചിമുക്കിൽ ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അക്രമം. യുവമോർച്ച മണ്ഡലം പ്രസിഡന്റ് കെ.എം. റിത്വിക്കിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. വീടിന് പിന്നിലൂടെയെത്തിയ അക്രമികൾ ബോംബെറിഞ്ഞു രക്ഷപ്പെടുകയായിരുന്നു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥൻ പി. വിമൽ കുമാറിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. സിറ്റൗട്ടിലെ ഇരിപ്പിടവും തകർന്നു. ബി.ജെ.പി. എം.പി. വി. മുരളീധരന്റെ എരഞ്ഞോളി വാടിയിൽ പീടികയിലെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ സി.പി.എം. പ്രവർത്തകനായ ജിതേഷിനെ അറസ്റ്റ് ചെയ്തു. സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം വാഴയിൽ ശശിയുടെ വീടാക്രമിച്ച കേസിൽ ബി.ജെ.പി. പ്രവർത്തകനായ ടെമ്പിൾ ഗേറ്റിലെ പൂഴിയിൽ ആശ്രിതരാജിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. കോടിയേരി ബാലകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, നഗരസഭാ വൈസ് ചെയർപേഴ്‌സൺ നജ്മാ ഹാഷിം എന്നിവരുടെ വീടുകൾക്ക് പൊലിസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.