കൊച്ചി: അമ്മയെ ശുശ്രൂഷിച്ചിരുന്ന ഹോം നഴ്സ് മകനെ കുത്തിക്കൊന്നു. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
പല്ലിശേരി റോഡിൽ കെല്ലാപറമ്പിൽ വീട്ടിൽ തോബിയാസ് (34) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഹോം നഴ്സും തൃശൂർ സ്വദേശിയുമായ ലോറൻസിനെ (54) പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ തോബിയാസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് മണിയോടെ മരണം സംഭവിച്ചു. തോബിയാസിന്റെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരെ ശുശ്രൂഷിക്കാനാണ് ഹോം നഴ്സായ ലോറൻസിനെ ചുമതലപ്പെടുത്തിയത്. തോബിയാസ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ലഹരിയിൽ പലപ്പോഴും ഇയാൾ വീട്ടുകാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
കൃത്യം നടന്ന ദിവസവും ഇത്തരത്തിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കത്തിക്കുത്തിൽ കലാശിച്ചെന്നുമാണ് പൊലീസ് നിഗമനം. പാലാരിവട്ടം എസ്.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തോബിയാസ് അവിവാഹിതനാണ്. അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.