-nehru-college-principal

പിലിക്കോട് (കാസർകോട്): പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി.വി. പുഷ്പജയുടെ കൊടക്കാട് പൊള്ളപ്പൊയിലിലെ വീടിനു നേരെയുണ്ടായ ബോംബേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.

കഴിഞ്ഞ അഞ്ചു ദിവസമായി വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. എറണാകുളത്ത് നിന്നും ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് അക്രമം ശ്രദ്ധയിൽ പെട്ടത്. വീടിനു മുകളിലത്തെ നിലയിലെ നാലു ജനൽചില്ലുകളാണ് തകർന്നത്. ഭിത്തിയിലും കേടുപാടുകളുണ്ട്. ചീമേനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ വീട്ടിൽ നിന്നും കണ്ടെത്തിയതായി പറയുന്നുണ്ടെങ്കിലും പൊലീസ് ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മുപ്പത്തിമൂന്നു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുമ്പോൾ കോളജിൽ നൽകിയ യാത്രയയപ്പ് ചടങ്ങിനിടെ ഒരു കൂട്ടം വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ച് ആഹ്ളാദം പ്രകടിപ്പിച്ചതും പുഷ്പജയ്ക്ക് 'ആദരാഞ്ജലി' ബോർഡ് വച്ചതും വിവാദമായിരുന്നു. ശബരിമല കർമ്മസമിതി നടത്തിയ അയ്യപ്പ ജ്യോതി പിലിക്കോട് ഉദ്ഘാടനം ചെയ്തത് ടീച്ചറായിരുന്നു.