കൊല്ലം: കൊല്ലം ബൈപാസ് ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 15ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാർട്ടിക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് യാഥാർഥ്യമാകുന്നത്.
എന്നാൽ സംസ്ഥാനസർക്കാർ ക്ഷണിക്കാതെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഇടത് എം.എൽ.എമാർ. പ്രധാനമന്ത്രി വരുന്നതായി സസ്ഥാന സർക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കൊല്ലം മേയർ വി.രാജേന്ദ്രബാബു, എംഎൽഎമാരായ എം.നൗഷാദ്, മുകേഷ്, എൻ.വിജയൻപിളള എന്നിവർ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തതോടെ പണിത ബൈപാസ് സംസ്ഥാന സർക്കാരിന്റെ മാത്രം നേട്ടമായി വരുത്തി തീർക്കാൻ എൽ.ഡി.എഫ് ശ്രമിക്കുകയാണെന്ന ആരോപണം ബി.ജെ.പിയും ശക്തമായി ഉയർത്തിയിരുന്നു.