c-apt

തിരുവനന്തപുരം: സി-ആപ്‌റ്റ് നവീകരണത്തിന്റെ ഭാഗമായി ആധുനിക ഫോർ കളർ വെബ് ഓഫ്‌സെറ്ര് പ്രസ് സ്ഥാപിക്കാനും പ്രളയത്തിൽ നശിച്ച ആലുവ സബ്‌സെന്റർ പുനഃസ്ഥാപിക്കാനുമായി നടപ്പുവർഷം 3.20 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. വട്ടിയൂർക്കാവ് ഹെഡ് ഓഫീസ് കോംപ്ളക്‌സിൽ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

4286 ചതുരശ്ര അടി വിസ്‌തീർണമുള്ള ഇരുനില മന്ദിരം പൂർത്തിയാകുമ്പോൾ ആധുനിക ഫൈവ് കളർ ഓഫ്‌സെറ്ര് സ്ഥാപിക്കാൻ നടപടിയെടുക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹൈറ്ര്‌സ് ഏറ്രെടുത്ത നിർമ്മാണ പ്രവർത്തനം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സി-ആപ്‌റ്ര് ജീവനക്കാരുടെ മക്കൾക്ക് സി-ആപ്‌റ്ര് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (സി.ഇ.ഡബ്ള്യു.എ) ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ മന്ത്രി വിതരണം ചെയ്‌തു. തിരുവനന്തപുരം നഗരസഭ കൗൺസിലർ പി. രാജിമോൾ, മുൻമന്ത്രിയും സി-ആപ്‌റ്ര് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റുമായ കെ.പി. രാജേന്ദ്രൻ, സി-ആപ്‌റ്ര് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.ജി. മോഹനൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി തരുൺലാൽ, മുൻ മാനേജിംഗ് ഡയറക്‌ടർ ഡോ.എ. സുകേഷ് കുമാർ, മാനേജിംഗ് ഡയറക്‌ടർ ഡോ. എം. അബ്‌ദുൾ റഹിമാൻ, അസിസ്‌റ്റന്റ് ഡയറക്‌ടർ മനോജ് ബാബു എന്നിവർ സംബന്ധിച്ചു.