ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കിയ നടപടി റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി സന്തുലിതമായതാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. വിധി നടപ്പാക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു. കേന്ദ്ര വിജിലൻസ് കമീഷന്‍ (സി.വി.സി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അലോക് വർമയെ സർക്കാർ നീക്കിയത്. സി.വി.സി റിപ്പോർട്ട് ഉന്നതാധികാര സമിതിയിൽ വെക്കും. ഒരാഴ്‌ചക്കുള്ളിൽ ഉന്നതാധികാര സമിതി യോഗം ചേരുമെന്നും ജെയ്റ്റ്ലി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌ത കേന്ദ്രസർക്കാറിനുള്ള തിരിച്ചടിയാണ് വിധിയെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. പദവികൾ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ പുറത്താക്കിയ അലോക് വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് പുനർനിയമിച്ചുള്ള സുപ്രധാന വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്.
അലോക് വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് പുനർ നിയമിച്ച കോടതി കേന്ദ്രസർക്കാരിന്റെ നീക്കം തെറ്റാണെന്നും ചൂണ്ടിക്കാട്ടി. തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിക്കെതിരെ അലോക് വർമ നൽകിയ ഹർജിയിലാണ് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, അലോക് വർമയ്‌ക്ക് നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ അലോക് വർമ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസിൽ വാദം കേട്ട കോടതി പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ അടങ്ങിയ സെലക്‌ട് കമ്മിറ്റിക്ക് മാത്രമേ സി.ബി.ഐ ഡയറക്‌ടറെ മാറ്റാൻ അധികാരമുള്ളൂ എന്ന് വ്യക്തമാക്കുകയായിരുന്നു.
സർക്കാരിന് ഏകപക്ഷീയമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റാഫേൽ അഴിമതിക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ കേന്ദ്രസർക്കാരാണ് അലോക് വർമയെ മാറ്റിയതെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. ഇതിനോടകം തന്നെ റാഫേൽ കരാർ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രതിപക്ഷത്തിന് കൂടുതൽ ശക്തി പകരുന്നതാണ് വിധിയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.