ആലുവ: ആലുവ അദ്വൈതാശ്രമത്തിലെ ഗസ്റ്റ് ഹൗസിലെ ജനൽ പാളി തുറന്ന് 30,000 രൂപയും രേഖകളുമടങ്ങുന്ന ബാഗ് കവർന്ന കേസിൽ എൻ.സി.പി യുവനേതാവ് മാസങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. ആലുവ എസ്.എൻ പുറത്ത് വാടകക്ക് താമസിക്കുന്ന സരിൻകുമാർ (35) ആണ് പിടിയിലായത്.
മൂന്ന് മാസം മുമ്പ് തുലാമാസത്തിലെ വാവ് ദിനത്തിലായിരുന്നു സംഭവം. ആശ്രമം ഓഫീസിന് പിന്നിലാണ് ഗസ്റ്റ് ഹൗസ്. ആശ്രമം ഓഫീസ് ജീവനക്കാരൻ അരവിന്ദന്റെ ബാഗാണ് മോഷ്ടിച്ചത്. ബാഗിൽ 30,000 രൂപയും എ.ടി.എം കാർഡും ഉണ്ടായിരുന്നു. കാർഡിന്റെ പിൻ നമ്പർ ഇതോടൊപ്പം മറ്റൊരു കടലാസിൽ രേഖപ്പെടുത്തിയിരുന്നു. എ.ടി.എം കാർഡ് ഉപയോഗിച്ച് ആലുവ പമ്പ് കവലയിലെയും കാരോത്തുകുഴി കവലയിലെ പമ്പുകളിൽ നിന്നും പ്രതി ബൈക്കിൽ പെട്രോൾ നിറച്ചു. കലൂരിലെ ഇൻഡസ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്ന് മൂന്ന് തവണയായി 30,000 രൂപയും കവർന്നു. അരവിന്ദന്റെ പാസ് ബുക്ക് പരിശോധനയിൽ ഇൻഡസ് ബാങ്കിന്റെ കലൂർ ശാഖയിൽ നിന്നുമാണ് പണം പിൻവലിച്ചതെന്ന് വ്യക്തമായതോടെ അവിടത്തെ സി.സി ടി.വി കാമറ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിന്നും നാല് വർഷം മുമ്പ് ഇയാൾ ശാന്തിക്കാരന്റെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചിരുന്നു. വേറെയും മോഷണക്കേസുകളുണ്ട്. ഇതിനിടയിലാണ് അടുത്തിടെ ഇയാൾ എൻ.സി.പിയിലെത്തിയത്. പാർട്ടി പോഷക സംഘടനയായ മത്സ്യതൊഴിലാളി യൂണിയന്റെ ജില്ലാ ഭാരവാഹിയായിരുന്നു പ്രതി. അതേസമയം ഇയാളെ അടുത്തിടെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.