r

കോഴിക്കോട് : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനോടനുബന്ധിച്ചുള്ള സംഘർഷങ്ങൾ കോഴിക്കോട് ജില്ലയിൽ തുടരുന്നു. കൊയിലാണ്ടിയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് വീടുകൾക്ക് നേരെ ബോംബേറുണ്ടായി. ഞായറാഴ്ച രാത്രി 12ന് വിയ്യൂർ നരിമുക്കിൽ കൊയിലി വീട്ടിൽ ഗോപിയുടെ വീടിന് നേരെയാണ് ആദ്യം ബോംബേറുണ്ടായത്. ഗോപിയുടെ മകൻ അതുൽ ആർ.എസ്.എസ് പ്രവർത്തകനാണ്.

ഇന്നലെ പുലർച്ചെ മൂന്നിനാണ് സി.പി.എം ഏരിയാ കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി. ഷിജുവിന്റെ കുറുവങ്ങാടുള്ള വീടിന് നേരെ ബോംബേറുണ്ടായത്. പുലർച്ചെ അഞ്ചോടെ ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറി വി.കെ. മുകുന്ദന്റെ കുറുവങ്ങാടുള്ള വീടിന് നേരെയും ബോംബെറിഞ്ഞു. എല്ലായിടത്തും സ്റ്റീൽ ബോംബാണെറിഞ്ഞതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കൊയിലാണ്ടി മേഖലയിൽ വിയ്യൂരിലും നടേരിയിലും കുറുവങ്ങാടിലുമുണ്ടായ സംഘർഷങ്ങളിൽ ഇരുവിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ശബരിമല ദർശനത്തിനുപോയ പൊയിൽക്കാവ് സ്വദേശിനി ബിന്ദുവിന്റെ വീടിന് പൊലീസ് കാവൽ തുടരുകയാണ്.
അക്രമം വ്യാപിച്ചതോടെ കെ. ദാസൻ എം.എൽ.എ ഇന്നലെ വൈകിട്ട് അഞ്ചിന് കൊയിലാണ്ടി ഗസ്റ്റ് ഹൗസിൽ സർവകക്ഷിയോഗം വിളിച്ചു.