crime

കുന്നംകുളം: ഇതര മതസ്ഥനെ വിവാഹം കഴിച്ചതുമൂലം സ്വന്തം വീട്ടുകാർ ഉപേക്ഷിക്കപെട്ട യുവതിയെ നിരാകരിച്ച ഭർത്താവിനും കുടംബത്തിനുമെതിരെ കേസെടുക്കാൻ പൊലീസ് നിർദ്ദേശം. കുന്നംകുളം എ.സി.പി: സിനോജ് സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകി. മുവാറ്റുപുഴ സ്വദേശിനായായ യുവതിയാണ് തന്റെ ഭർത്താവ് പഴയന്നൂർ സ്വദേശി സനൂപിനെതിരെ പരാതി നൽകിയത്. പഴയന്നൂർ സ്വദേശി സനൂപും മുവാറ്റുപുഴ സ്വദേശിനിയും തമ്മിൽ 2018 ഒക്ടോബർ അഞ്ചിനാണ് രജിസ്റ്റർ വിവാഹം ചെയ്തത്.

ഹൈദരാബാദിൽ നഴ്സായ യുവതിയും ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന സനൂപും തമ്മിലുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. ഇതിനിടെ യുവതിയുടെ പക്കൽ നിന്നും പണവും ആഭരണങ്ങളും സനൂപ് വാങ്ങിയതായും യുവതി പറഞ്ഞു. പിന്നീട് വിവാഹഘട്ടത്തിലെത്തിയപ്പോഴേക്ക് സനൂപ് ജോലി രാജി വച്ച് നാട്ടിലെത്തി. പിന്നീട് സനൂപ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഒക്ടോബറിൽ യുവതി പഴയന്നൂർ പൊലീസിൽ പരാതി നൽകി. ഒത്തുതീർപ്പിന്റെ ഫലമായി സനൂപിന്റെ അച്ഛൻ മുൻകൈ എടുത്ത് രജിസ്റ്റർ വിവാഹം നടത്തിക്കൊടുത്തെങ്കിലും ഇത് നിയമനടപടിയിൽ നിന്നും ഒഴിവാകാൻ വേണ്ടി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് പിന്നീടാണ് ബോദ്ധ്യപെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു.

വിവാഹ ശേഷം ഹൈദരാബാദിൽ ജോലിക്കായി പോയ യുവതിയുടെ പണവും ആഭരണങ്ങളും വാങ്ങുകയും പിന്നീട് ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിക്കുകയുമായിരുന്നുവത്രെ. ഡിസംബർ 25 നായിരുന്നു യുവതിയെ കാണാൻ സനൂപ് സുഹൃത്തിനൊപ്പം ഹൈദരാബാദിലെത്തിയത്. പണവും സ്വർണ്ണവും വാങ്ങിയ ശേഷം തന്നെ ഉപദ്രവിച്ചതായും യുവതി പറയുന്നു. സനൂപിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാൽ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. ഭർത്താവിന്റെ വീട്ടിലേക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി എത്തിയപ്പോഴാണ് വീട്ടിൽ കയറ്റാതെ പുറത്തു നിറുത്തിയത്. രണ്ടു ദിവസം രാത്രി പുറത്തുതന്നെയാണ് കഴിയേണ്ടിവന്നത്. സംഭവം അറിഞ്ഞ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇടപെട്ടിരുന്നു. തുടർന്നാണ് ഇരു വിഭാഗത്തെയും കുന്നംകുളം എ.സി.പിഓഫീസിലേക്ക് വിളിച്ചത്. എന്നാൽ സനൂപും ബന്ധുക്കളും വരാൻ തയ്യാറായില്ല. ഇതോടെയാണ് സനൂപിനെതിരെ കേസടുക്കാൻ നിർദ്ദേശിച്ചത്. യുവതി വാർഡ് മെമ്പർ സുജാതയുമൊത്തായിരുന്നു എ.സി.പി ഓഫീസിലെത്തിയത്.