കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരം ചെയ്‌ത കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടിയുമായി സഭാ നേതൃത്വം. ചാനൽ ചർച്ചയിൽ പങ്കെടുത്ത് പ്രതികരണം നടത്തിയതിനും അനുമതിയില്ലാതെ പുസ്‌തകം പ്രസിദ്ധീകരിച്ചതിനും കാർ വാങ്ങിയതിനും വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഫ്രാങ്കോയ്‌ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ ലൂസി കളപ്പുരയ്‌ക്കലിനെതിരെയാണ് പ്രതികാര നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മദർ സുപ്പീരിയർ ആൻ ജോസ് നോട്ടീസ് നൽകി. നാളെ സഭാ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച സമരം നടത്തിയവരിൽ പ്രധാനിയായിരുന്നു ലൂസി കളപ്പുര. ഇതിന് പിന്നാലെ സിസ്‌റ്റർ നടത്തിയ വല വെളിപ്പെടുത്തലുകളും വൻ ചർച്ചകൾക്ക് വഴി വച്ചിരുന്നു. പുതുവർഷ ദിനത്തിൽ വനിതാ മതിലിന് പിന്തുണ അറിയിച്ചും ചുരിദാർ ധരിച്ചും രംഗത്തെത്തിയും സിസ്‌റ്റർ വാർത്തകളിൽ ഇടം നേടിയിരുന്നു. അതേസമയം, നോട്ടീസിൽ പറഞ്ഞിരിക്കുന്നത് പോലെ അടുത്ത ദിവസം തന്നെ സഭയ്‌ക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകില്ലെന്നും ചികിത്സാ ആവശ്യങ്ങൾക്കായി ഇപ്പോൾ വെല്ലൂരിൽ ആണെന്നുമായിരുന്നു സിസ്റ്ററുടെ പ്രതികരണം. എന്നാൽ ഉടൻ തന്നെ ഹാജരായി തന്റെ നിലപാട് വ്യക്തമാക്കുമെന്നും സിസ്റ്റർ വ്യക്തമാക്കി.