മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. താരപരിവേഷം കണക്കാക്കാതെ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കുന്ന ചുരുക്കം ചില സംവിധായകരിൽ ശ്രദ്ധേയനാണ് ജീത്തു എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ദൃശ്യം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ തന്റെ ഒരു സങ്കടം പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് ജീത്തു.
ബാബുരാജ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ കൂദാശ എന്ന ചിത്രത്തെ കുറിച്ചാണ് ജീത്തു ജോസഫ് ഫേസ്ബുക്ക് ലൈവിൽ സംസാരിച്ചത്. തിയേറ്ററുകളിൽ നിന്ന് ചിത്രം മാറിയതിനാൽ ഡി.വി.ഡി എടുത്താണ് ചിത്രം കണ്ടതെന്ന് ജീത്തു പറയുന്നു.
ജീത്തു ജോസഫിന്റെ വാക്കുകൾ-
'കൂദാശ സിനിമ കണ്ട് ശരിക്കും ഞാൻ ഞെട്ടി പോയി. എന്റെ ഒരു സങ്കടമാണ്. അത് പറയുന്നതിൽ ഒറ്റ ഉദ്ദേശമേയുള്ളു. ഈ സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് എല്ലാവരും അറിയണം. കാരണം നമ്മൾ എല്ലാവർക്കും ഓരേ ഇമേജ് കൽപിച്ച് കൊടുത്തിട്ടുണ്ട്. അത് നടനും സംവിധായകർക്കുമെല്ലാം ബാധകമാണ്. പക്ഷേ ഏറ്റവും സങ്കടകരമായ കാര്യം ആ ഇമേജുകൾ നമുക്ക് പലപ്പോഴും തെറ്റായ സന്ദേശമാണ് നൽകുക എന്നതാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
ബാബുരാജ് എന്ന നടൻ അദ്ദേഹത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് അതിമനോഹരമായാണ് ചെയ്‌തിരിക്കുന്നത്. ഒരു എക്‌സലന്റ് ത്രില്ലറാണ് ഈ സിനിമ. ലോകത്തിലാരും ഇങ്ങനൊരു കഥ ചെയ്‌തിട്ടില്ല എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. എന്തുകൊണ്ട് ഇങ്ങനെയൊന്നും എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല എന്നാണ് ഞാൻ ആലോചിക്കുന്നത്. ചിലരെ നമ്മൾ സൈഡ് ലൈൻ ചെയ്‌ത് നിറുത്തുകയാണ്. ഞാൻ അടക്കമുള്ളവർ ചെയ്യുന്ന തെറ്റാണത്.
മലയാള സിനിമയിലെ ആർട്ടിസ്‌റ്റുകൾ പുതുസംവിധായകർക്കും മറ്റും എത്തിപ്പെടാൻ കഴിയുന്നതരത്തിൽ ഒരു സംവിധാനമുണ്ടാകണം.ഒരുപാട് കഴിവുകളുള്ള ധാരാളം ചെറുപ്പക്കാർ പുറത്തു നിൽപ്പുണ്ട്'-ജീത്തു പറയുന്നു.