ദീപ നിശാന്തിന് എതിരെയുള്ള പോസ്റ്റ് ആയതിനാൽ സംഘി ആക്കും എന്ന് ആദ്യമേ എനിക്ക് ഉറപ്പായിരുന്നു, നിലപാട് വ്യക്തമാക്കി സംഗീത. കേരളവർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കവിയുമായ ശരത് ചന്ദ്രന്റെ കവിത കടപ്പാട് നൽകാതെ എഴുത്ത്കാരിയായ ദീപ നിശാന്ത് ഉപയോഗിച്ചുവെന്ന വിവാദം പുതിയ തലത്തിലേക്ക്. സാഹിത്യ ചോരണമെന്ന ആരോപണം ഫേസ്ബുക്കിലൂടെ ഉന്നയിച്ചത് സംഗീതയാണ്. എന്നാൽ ഈ വിവാദത്തിൽ 'എഴുതിയ ആൾക്കില്ലാത്ത സങ്കടം ആണല്ലോ നിനക്ക് ' എന്നരീതിയിൽ തന്നെ വിമർശിക്കുന്നവർക്ക് മറുപടി നൽകുകയാണ് സംഗീത. ദീപ നിശാന്തിന് എതിരെയുള്ള പോസ്റ്റ് ആയതിനാൽ തന്നെ സംഘി ആക്കും എന്ന് ആദ്യമേ ഉറപ്പായിരുന്നു. കേരളവർമ്മ കോളേജിന്റെ ചുവരുകൾ നിറയെ കവിതകളാണ് അതിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിയുടെ വരികളായിരുന്നു ഇത്. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടിയാണ് ആരോപണം ഉന്നയിച്ചത് എന്ന് പറയുന്നവരോട് തനിക്ക് ഇത്രയേ പറയാനുള്ളുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സംഗീത കൂട്ടിച്ചേർക്കുന്നു.
അതേ സമയം ഈ വിവാദത്തിൽ അഭിപ്രായവുമായി കവി ശരത് ചന്ദ്രനും രംഗത്ത് വന്നു.
കേരളവർമയിലെ പഠനകാലത്ത് എഴുതിയ കവിതയുടെ രണ്ടു വരികളാണ് ദീപ നിശാന്തിന്റെ ഫേസ്ബുക്ക് ബയോ ആക്കിയതെന്നും അത് കണ്ടപ്പോൾ സന്തോഷമാണ് തോന്നിയത്. എന്നാൽ അവർ എന്റെ കവിത മോഷ്ടിച്ചുവെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ, ഈ വിവാദത്തെ തുടർന്നു അവരെടുത്ത നിലപാടുകളിലും, ഇതു പുരോഗമിച്ച രീതിയിലും എനിക്കു വിയോജിപ്പുണ്ടെന്നും ശരത് ചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു