ദുബായ്: ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് അമിതമായി പല വിധത്തിലുള്ള ചാർജുകൾ ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. പലയിനത്തിൽ സബ്‌സിഡിയായി കിട്ടിയ തുകയിൽ പോലും കൈയ്യിട്ട് വാരാറുണ്ടെന്ന പരാതിയും ശക്തമാണ്. എന്നാൽ ഈ കഥകൾക്കിടയിൽ അബദ്ധത്തിൽ ഉപഭോക്താക്കളിൽ നിന്ന് പിടിച്ച തുക തിരികെ നൽകാൻ ഒരുങ്ങി മാതൃകയായിരിക്കുകയാണ് യു.എ.ഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്‌റ്റ് അബുദാബി ബാങ്ക്. ഉപഭോക്താക്കളിൽ നിന്ന് അബദ്ധത്തിൽ പിടിച്ച 175 ദിർഹം (ഏതാണ്ട് 3500 രൂപ) തിരികെ നൽകാനാണ് ബാങ്കിന്റെ തീരുമാനം. ബാങ്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മതിയായ കാരണം കൂടാതെ തങ്ങളിൽ നിന്ന് പണം പിടിച്ചുവെന്ന് ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടതിനെ തുടർന്നാണ് ബാങ്കിന്റെ നടപടി.
ബാങ്കിന്റെ സെർവറിന് സംഭവിച്ച ചില തകരാറുകൾ മൂലം ഉപഭോക്താക്കളിൽ നിന്ന് 175 ദിർഹം തെറ്റായി പിടിച്ചതാണെന്ന് ബാങ്ക് പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. ഇക്കാര്യം പരിഹരിക്കാനും നഷ്‌ടപ്പെട്ട തുക തിരികെ നൽകാനും ബന്ധപ്പെട്ടവർ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ചില ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് തുക നഷ്‌ടപ്പെട്ടതായി അറിയാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിന് മാപ്പ് പറയുന്നു. എത്രയും വേഗം ഉപഭോക്താക്കളെ ബന്ധപ്പെടുമെന്നും നഷ്‌ടപ്പെട്ട തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.