ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്‌സഭയിൽ അവതരിപ്പിച്ചു. അസമിലെ ജനങ്ങൾക്കെതിരാണ് പ്രസ്‌തുത ബിൽ എന്ന് പ്രതിപക്ഷത്തിന്റെ വ്യാജപ്രചരണം രാജ്നാഥ് സിംഗ് തള്ളി. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള കാലയളവിൽ ഇളവ് നിർദേശിക്കുന്നതാണ് ബിൽ.
അതേസമയം പൗരത്വബില്ലിന്റെ ചർച്ചയിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. ബിൽ സെലക്‌ട് കമ്മിറ്റിയ്‌ക്ക് വിടണമെന്നാവശ്യപ്പെട്ടാണ് അവർ സഭ വിട്ടത്. തൃണമൂൽ കോൺഗ്രസാണ് ബില്ലിനെ എതിർത്ത് രംഗത്തുള്ള പ്രമുഖ കക്ഷി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബില്ലിനെതിരായ ജനവികാരം ശക്തമാണ്. മുന്നാക്കകാരിലെ പിന്നോക്കകാർക്കുള്ള പത്ത് ശതമാനം സംവരണം അനുവദിക്കുന്ന സംവരണബില്ലിനൊപ്പം തിങ്കളാഴ്ച്ച ചേർന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് പൗരത്വബില്ലിനും അംഗീകാരം നൽകിയത്. നേരത്തെ കൊണ്ടു വന്ന ബില്ലിൽ പരിഷ്‌കാരങ്ങൾ നൽകിയാണ് പുതിയ ബിൽ അനുവദിച്ചിരിക്കുന്നത്.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങലിൽ ഒന്നായിരുന്നു ഇത്. നേരത്തെ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് (എ.ജി.പി) ബി.ജെ.പിയിൽ സഖ്യം വിട്ടിരുന്നു. ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കാതിരിക്കാനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി അസം ഗണപഷത്ത് നേതാക്കൾ നടത്തിയ കൂടിക്കാഴ്‌ച പരാജയപ്പെട്ടതോടെയാണ് എൻ.ഡി.എ വിടാൻ എ.ജി.പി തീരുമാനിച്ചത്.