ന്യൂഡൽഹി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂർ ദേശീയ പണിമുടക്ക് രാജ്യവ്യാപകമായി ജനജീവിതം ദുസഹമാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പണിമുടക്ക് ഭാഗികമായി തുടരുമ്പോൾ കേരളത്തിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ഏകദേശം പൂർണമാണ്.
ഡൽഹിയിലും ചെന്നൈയിലും വിവിധയിടങ്ങളിൽ തൊഴിലാളി സംഘടനകൾ പ്രകടനം നടത്തി. അതേസമയം ഇവിടെ സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. കടകൾ തുറന്ന് പ്രവർത്തിച്ചു. വാഹനങ്ങൾ ഓടി. കൊൽക്കത്തയിൽ സമരക്കാർ ട്രെയിൻ, റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ബംഗാളിലെ അസൻസോളിൽ തൃണമൂൽ കോൺഗ്രസ് -സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എല്ലാ തരത്തിലുള്ള ബന്തുകളും സർക്കാർ പ്രതിരോധിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ബസ് സർവീസുകളെ സമരം ബാധിച്ചിട്ടുണ്ട്. ആട്ടോ തൊഴിലാളികളും സമരത്തിൽ പങ്കെടുത്തു.
ഒഡിഷയിൽ തൊഴിലാളികൾ ദേശീയ പാത ഉപരോധിച്ചു. ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പോലും കടത്തിവിട്ടില്ല.
അസാമിലും സമരക്കാർ ട്രെയിനുകൾ തടഞ്ഞു. മുംബയിൽ സമരം ബസ് സർവീസുകളെ കാര്യമായി ബാധിച്ചു.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്.