ലക്‌നൗ : ദേവീക്ഷേത്രത്തിലെ പരിപാടിക്കിടെ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിൽ പൂരിക്കും സബ്ജിക്കുമൊപ്പം ഓരോ കുപ്പി മദ്യവും നൽകിയ യു.പി ബി.ജെ.പി എം.എൽ.എ നിതിൻ അഗർവാളിന്റെ സൽക്കാരം വിവാദത്തിൽ.
ഉത്തർപ്രദേശിലെ ഹാർദോയിലുള്ള ശ്രാവണ ദേവീക്ഷേത്രത്തിൽ പ്രാദേശിക പാസി വിഭാഗത്തിനു വേണ്ടി നടത്തിയ പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലാണ് പ്ളാസ്റ്റിക്ക് കുപ്പിയിൽ നിറച്ച മദ്യം നൽകിയത്. ബി.ജെ.പി എം.എൽ.എ നിതിൻ അഗർവാളാണ് പരിപാടി നടത്തിയത്. പിതാവും അടുത്തിടെ സമാജ്‌വാദി പാർട്ടിയിൽനിന്ന് ബി.ജെ.പിയിലേക്കു കുടിയേറിയ നരേഷ് അഗർവാളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
ചെറിയ കുട്ടികൾക്ക് വരെ മദ്യക്കുപ്പിയടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്‌തെന്നാണ് ആരോപണം. സംഭവം ശ്രദ്ധയിൽപ്പെട്ട ബി.ജെ.പി ഹർദോയ് എം.പി അൻഷുൽ വർമ്മ മുഖ്യമന്ത്റി യോഗി ആദിത്യനാഥിന് പരാതി നൽകി. പാർട്ടി കേന്ദ്രനേതൃത്വത്തെ വിവരം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'നമ്മൾ പേനയും പെൻസിലും സമ്മാനമായി നൽകുന്ന കുഞ്ഞുകുട്ടികൾക്ക് വരെ മദ്യം നൽകിയിരിക്കുകയാണ്. ഇത് നിർഭാഗ്യകരമാണ്. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. മാത്രമല്ല. ഇത്രയധികം അളവിൽ മദ്യം വിതരണം ചെയ്തത് അറിയാതെ പോയതെങ്ങനെയെന്ന് എക്‌സൈസ് വകുപ്പിനോട് ചോദിക്കും'- വർമ്മ പറഞ്ഞു.
എല്ലാവരും ഭക്ഷണപ്പൊതി വാങ്ങണമെന്ന് നരേഷ് അഗർവാൾ വിളിച്ചു പറയുന്ന വീഡയോയും പുറത്തായി. വിഷയത്തിൽ നരേഷ് അഗർവാൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.