പാലാ: ബിഷപ്പ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു പാലായിലെ കൊറിയർ സർവ്വീസിൽനിന്നും പൊലീസ് തെളിവ് ശേഖരിച്ചു. പാലായിലെ ബ്ലൂഡാർട്ട് ഡി എച്ച് എൽ കൊറിയർ സർവ്വീസ് വഴി റോമിൽ മാർപ്പാപ്പയ്ക്കും കർദ്ദിനാൾ കർദ്ദിനാൾമാർക്കും പരാതി അയച്ചിരുന്നു എന്ന് പരാതിക്കാരിയായ കന്യാസ്ത്രീ പൊലീസിൽ അറിയിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി ആരായാനാണ് പൊലീസ് സംഘം കൊറിയർ സർവ്വീസിൽ എത്തിയത്. കേസ് അന്വേഷണച്ചുമതലയിലുള്ള വൈക്കം എസ്.ഐ മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി എത്തിയത്.
കന്യാസ്ത്രീ 2018 മെയ് 15 ന് റോമിലുള്ള മാർപ്പാപ്പയ്ക്കും കദ്ദിനാൾമാർക്കും കൊറിയർ അയച്ചതിന് നൽകിയ രസീതിന്റെ പകർപ്പുകൾ ഓഫീസിലെ ജീവനക്കാർ സ്ഥിരീകരിച്ചു. പോലീസ് കാണിച്ച രസീതിന്റെ പകർപ്പുകൾ പ്രകാരം പാലായിലെ ബ്ലൂഡാർട്ട് ഡിഎച്ച്എൽ കൊറിയർ സർവ്വീസ് വഴി റോമിലേയ്ക്ക് മാർപ്പാപ്പയുടെയും കർദ്ദിനാൾമാരുടെയും പേരിലേയ്ക്ക് അയച്ചതാണെന്ന് കൊറിയർ തയ്യാറാക്കിയ ഓഫീസ് ജീവനക്കാരൻ പൊലീസിനു മൊഴി നൽകി.