ന്യൂഡൽഹി: അസമിൽ എ.ജി.പി (അസം ഗണ പരിഷത്ത്) ബി.ജെ.പി വിട്ടതിനു പിന്നാലെ ഉത്തർപ്രദേശിലെ എസ്.ബി.എസ്.പി(സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി)യും അപ്‌നാദളും ബി.ജെ.പി വിടാനൊരുങ്ങുന്നു. സഖ്യകക്ഷികളോടുള്ള ബി.ജെ.പിയുടെ ഉപയോഗിച്ച് വലിച്ചെറിയുക എന്ന മനോഭാവം മാറ്റിയില്ലെങ്കിൽ മുന്നണി വിടുമെന്നാണ് എസ്.ബി.എസ്.പിയും അപ്‌നാ ദളും മുന്നറിയിപ്പ് നൽകി.
'സഖ്യം തുടരണോ വേണ്ടയോ എന്ന് ബി.ജെ.പിക്ക് തീരുമാനിക്കാം. അതിന് 100 ദിവസത്തെ സമയമാണ് തങ്ങൾ അനുവദിക്കുന്നതെ'ന്ന് എസ്.ബി.എസ്.പി തലവനും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ പറഞ്ഞു. യോഗിക്ക് പശുക്കളെ മാത്രം രക്ഷിച്ചാൽ മതിയെന്നും രാജ്ഭർ കൂട്ടിച്ചേർത്തു. ഒ.ബി.സി ക്വാട്ടയിൽ 27 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന തങ്ങളുടെ ആവശ്യം 100 ദിവസത്തിനുള്ളിൽ അംഗീകരിക്കണമെന്നാണ് രാജ്ഭറിന്റെ ആവശ്യം.
തങ്ങളെയും പാർട്ടി അണികളെയും ഇനിയും അവഗണിക്കാനാണ് ഭാവമെങ്കിൽ എന്ത് തീരുമാനം വേണമെങ്കിലും എടുക്കുമെന്നാണ് അപ്‌നാ ദൾ കോർഡിനേറ്ററും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേലിന്റെ മുന്നറിയിപ്പ്. ഏതു തെരഞ്ഞെടുപ്പ് വന്നാലും ചെറു സഖ്യകക്ഷികളുടെ സഹായം കൊണ്ട് ബി.ജെ.പി വോട്ട് നേടാറുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അവർക്ക് ചെറു കക്ഷികളെ വേണ്ട. അപ്‌നാ ദൾ ഇപ്പോഴാണ് ഇക്കാര്യം മനസിലാക്കിയത്. പക്ഷേ തനിക്ക് ഈ വസ്‌തുത കഴിഞ്ഞ 21 മാസമായി അറിയാമെന്നും രാജ്ഭർ പറഞ്ഞു.