ന്യൂഡൽഹി: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയെ വിമർശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. കേന്ദ്ര സർക്കാറിന്റെ നീക്കം തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മോദി സർക്കാറിന്റെ തീരുമാനം. തൊഴിലവസരം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നതിന്റെ കുറ്റസമ്മതമാണിത്. എട്ടു ലക്ഷം രൂപ വരുമാന പരിധി വച്ചത് തീരുമാനത്തിന്റെ അന്തസത്ത അട്ടിമറിക്കും. വിപുലമായി ചർച്ച ചെയ്യാതെ തീരുമാനം നടപ്പാക്കരുതെന്നും സി.പി.എം അറിയിച്ചു.
അതേസമയം,മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണമേർപ്പെടുത്തുമെന്ന കേന്ദ്രസർക്കാർ തീരുമാനത്തോടുള്ള സി.പി.എം നിലപാടിനെ തള്ളിപ്പറഞ്ഞ് വി.എസ്. അച്യുതാനന്ദനും രംഗത്തെത്തി.സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയർന്ന ലക്ഷ്യത്തെ വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത് എന്നും ഇതൊന്നും ചെയ്യാതെ സവർണ്ണ വോട്ടുകൾ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണമെന്നത് എന്നും വി.എസ് പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ, മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമർത്തപ്പെട്ടവർക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. ഈ കാരണം കൊണ്ടു തന്നെ ഇന്ത്യൻ ജനാധിപത്യത്തിൽ സംവരണം എന്ന ആശയത്തിന്റെ സത്ത ചോർത്തിക്കളയുന്ന തീരുമാനമാണ് ബി.ജെ.പി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളത്.
സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല. അതുകൊണ്ടാണ് ജനകീയ ജനാധിപത്യത്തിന്റെ സത്തയുമായി ഒരുതരത്തിലും യോജിച്ചുപോവാത്ത സാമ്പത്തിക സംവരണത്തെ സി.പി.എം പിന്തുണയ്ക്കാതിരുന്നത്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് ഇതുപോലൊരു ക്യാബിനറ്റ് തീരുമാനമുണ്ടായപ്പോൾ സി.പി.എം അതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട്. ജാതി പിന്നോക്കാവസ്ഥപോലെ സാമ്പത്തിക പിന്നോക്കാവസ്ഥ ശാശ്വതമല്ല. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴത്താനുള്ള ബി.ജെ.പിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്നും വി.എസ് പറഞ്ഞു.