bhanushali

അഹമ്മദാബാദ്: ബി.ജെ.പി നേതാവും ഗുജറാത്ത് മുൻ എം.എൽ.എയുമായ ജയന്തിലാൽ ഭാനുശാലി വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. ഭുജിൽ നിന്ന് അഹമ്മദാബാദിലേക്ക് സായിജി നഗ്രി എക്സ്‌പ്രസിൽ പോകവേ, കട്ടാരിയ, സുർബാരി സ്‌റ്റേഷനുകൾക്ക് മദ്ധ്യേ ഫസ്റ്റ് എ.സി കോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക് നേരെ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. തലയിലും കണ്ണിലുമാണ് വെടിയേറ്റത്. റെയിൽവേ അധികൃതർ മാലിയ സ്‌റ്റേഷനിൽ ട്രെയിൻ നിറുത്തി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം മാലിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഫാഷൻ ഡിസൈൻ കോളേജിൽ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചുവെന്ന് സൂറത്ത് സ്വദേശിയായ 21 കാരി പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ഭാനുശാലി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.