tax

കൊച്ചി: അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതിന്റെയും പശ്‌ചാത്തലത്തിൽ ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്രിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ വൻതോതിൽ നിറയ്‌ക്കാൻ മോദി സർക്കാർ ശ്രമിച്ചേക്കും. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തി, ജനപ്രിയ നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചന കഴിഞ്ഞദിവസം സർക്കാർ നൽകിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബഡ്‌ജറ്ര് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി അവതരിപ്പിക്കുക. ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ തൃപ്‌തിപ്പെടുത്താനായി 80 സി പ്രകാരമുള്ള ആദായ നികുതി ഇളവിന്റെ പരിധി നിലവിലെ ഒന്നര ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയായി ജയ്‌റ്ര്‌ലി ഉയർത്തിയേക്കും. പരിധി ഉയർത്തണമെന്നത് ഏറെ വർഷക്കാലമായുള്ള ആവശ്യമാണ്.

നിലവിൽ സെക്‌ഷൻ 80 സി.സി.ഡിയുടെ പരിധിയിൽ കൊണ്ടുവന്ന ന്യൂ പെൻഷൻ (എൻ.പി.എസ്) പ്രകാരം ഇളവിന്റെ പരിധിയിലേക്ക് 50,000 രൂപ കൂടി കൂട്ടിച്ചേർക്കാനാകും. അതായത്, ഇപ്പോൾ രണ്ടുലക്ഷം രൂപവരെ നികുതിയിളവിന്റെ പരിധിയിൽ കൊണ്ടുവരാൻ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കാകും. ഇതിൽ, സെക്‌ഷൻ 80 സി പ്രകാരമുള്ള ഇളവ് രണ്ടുലക്ഷം രൂപയാക്കിയാൽ മൊത്തം ഇളവിന്റെ പരിധി രണ്ടരലക്ഷം രൂപയാകും.

കഴിഞ്ഞ ബഡ്‌ജറ്രിൽ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ട്രാൻസ്‌പോർട്ട് അലവൻസ്, മെഡിക്കൽ ചെലവ് എന്നിവയ്ക്ക് പുറമേ 40,000 രൂപയുടെ ഇളവ് കൂടി നേടാമെന്ന് അരുൺ ജയ്‌റ്ര്‌ലി വ്യക്തമാക്കിയിരുന്നു. മൊത്തം ശമ്പളത്തിൽ നിന്ന് 40,000 രൂപ കിഴിച്ചുള്ള തുകയ്‌ക്ക് നികുതി നൽകിയാൽ മതി. സെക്‌ഷൻ 80ഡി പ്രകാരം ആരോഗ്യ ഇൻഷ്വറൻസിലൂടെ ലഭിക്കാവുന്ന നികുതിയിളവിന്റെ പരിധി 30,000 രൂപയിൽ നിന്ന് 50,000 രൂപയിലേക്കും ഉയർത്തിയിരുന്നു.