മുംബൈ: ബി.ജെ.പി.യുടെ സമ്മർദത്തിന് വഴങ്ങാതെ മഹാരാഷ്ട്രയിലെ മുഴുവൻ ലോക്സഭാ സീറ്റിലും തനിച്ചു മത്സരിക്കാനൊരുങ്ങി സഖ്യകക്ഷിയായ ശിവസേന. 48 ലോക്സഭാ സീറ്റിലേക്കും സ്ഥാനാർത്ഥികളെ കണ്ടെത്താൻ ജില്ലാനേതൃത്വങ്ങൾക്ക് നിർദേശം നൽകി. ഞായറാഴ്ച ലാത്തൂരിൽ ബി.ജെ.പി.യുടെ ബൂത്തുതല പ്രവർത്തകരുടെ യോഗത്തിൽ സംസാരിച്ച ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ തനിച്ചു മത്സരിക്കുന്നതിന് തയ്യാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. ‘കൂട്ടുകാർ ഒപ്പം വന്നാൽ അവരുടെ വിജയത്തിന് നമ്മളും സഹായം നൽകും. എന്നാലവർ കൈകോർക്കാൻ വിസമ്മതിക്കുകയാണെങ്കിൽ തനിച്ചു മത്സരിക്കാൻ നമ്മളും തയ്യാറെടുക്കണം’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
അമിത് ഷായുടെ പ്രസ്താവന ബി.ജെ.പി.യുടെ ധാർഷ്ട്യത്തിന്റെ സൂചനയാണെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. 40 സീറ്റിൽ വിജയിക്കുമെന്ന ബി.ജെ.പി.യുടെ പ്രഖ്യാപനം അവർ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി സഖ്യമുണ്ടാക്കും എന്നതിന്റെ സൂചനയാണെന്ന് ശിവസേന എം.പി. സഞ്ജയ് റാവുത്ത് പരിഹസിച്ചിരുന്നു. ‘‘ആരെയും നേരിടാൻ ശിവസേനയ്ക്കു മടിയില്ല. എന്താണു വരുന്നതെന്ന് കാത്തിരുന്നു കാണാം’’ -റാവുത്ത് പറഞ്ഞു.