alok-verma

ന്യൂഡൽഹി: കേന്ദ്രസർക്കാർ രണ്ട് മാസം മുൻപ് ഒരു പാതിരാത്രിയിൽ പുറത്താക്കിയ സി.ബി.ഐ ഡയറക്‌ടർ അലോക് വർമ്മയെ സുപ്രീംകോടതി ഇന്നലെ തിരിച്ചെടുത്തു. എന്നാൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അന്വേഷണം തീരുന്നതു വരെ അലോക് വർമ്മ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന് കോടതി വിലക്കി.

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സുപ്രീംകോടതി അലോക് വർമ്മയെ തിരിച്ചെടുത്തത്. 2017 ഫെബ്രുവരി 1നാണ് ഡയറക്‌ടറായി നിയമിച്ചത്. നിയമപ്രകാരം രണ്ട് വർഷമാണ് ഡയറക്ടറുടെ കാലാവധി. അത് പൂർത്തിയാകും മുൻപ് അദ്ദേഹത്തെ മാറ്റുകയായിരുന്നു.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതതല പാനൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ യോഗം ചേർന്ന് കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണത്തിന്റെ നിഗമനങ്ങൾ പരിശോധിച്ച് അലോക് വർമ്മയുടെ ഭാവി തീരുമാനിക്കണം.

അദ്ദേഹത്തിന് പകരം സി.ബി.ഐയുടെ ഇടക്കാല മേധാവിയായി ജോയിന്റ് ഡയറക്‌ടർ എം. നാഗേശ്വര റാവുവിനെ നിയമിച്ച കേന്ദ്ര തീരുമാനവും കോടതി റദ്ദാക്കി.

കഴിഞ്ഞ ഒക്‌ടോബർ 23ന് പുലർച്ചെയാണ് അസാധാരണമായ ഒരു നീക്കത്തിലൂടെ അലോക് വർമ്മയെ കേന്ദ്രം പുറത്താക്കിയത്. അതിനെതിരെ അദ്ദേഹവും കോമൺ കോസ് എന്ന എൻ.ജി.ഒയും സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

സി.ബി.ഐ മേധാവിയുടെ കാലാവധിയിൽ ഇടപെടാൻ ചട്ടപ്രകാരം കേന്ദ്ര സർക്കാരിനോ കേന്ദ്ര വിജിലൻസ് കമ്മിഷനോ അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ര‌ഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എഴുതിയ വിധിന്യായത്തിന്റെ പ്രസക്തഭാഗങ്ങൾ, അദ്ദേഹം അവധിയിലായതിനാൽ ജസ്റ്റിസ് എസ്.കെ. കൗൾ ആണ് വായിച്ചത്

ഡൽഹി സ്‌പെഷ്യൽ പൊലീസ് ആക്ട് പ്രകാരം സി.ബി.ഐ ഡയറക്‌ടറെ നിയമിക്കുന്നത് പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്‌റ്റിസും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട ഉന്നതാധികാര സമിതിയാണ്. ഈ സമിതിയുടെ മുൻകൂർ അനുമതി ഇല്ലാതെ തന്നെ മാറ്റാനാവില്ലെന്ന അലോക് വർമ്മയുടെ വാദം കോടതി അംഗീകരിച്ചു.

സി.ബി.ഐ ഡയറക്‌ടറെ അദ്ദേഹത്തിന്റെ ചുമതലകളിൽ നിന്നും കർത്തവ്യങ്ങളിൽ നിന്നും മാറ്റാൻ ചട്ടപ്രകാരം കേന്ദ്ര വിജിലൻസ് കമ്മിഷനോ കേന്ദ്രസർക്കാരിനോ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡൽഹി സ്പെഷ്യൽ പൊലീസ് നിയമം ഭേദഗതി ചെയ്‌തതും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള പാനലിന് നിയമനാധികാരം നൽകിയതും സി.ബി.ഐയെ സർക്കാരിന്റെയും രാഷ്‌ട്രീയ അധികാരികളുടെയും സ്വാധീനത്തിൽ നിന്ന് രക്ഷിക്കാനാണ്. സി.ബി.ഐ ഡയറക്‌ടറെ രണ്ട് വർഷ കാലാവധി തീരും മുൻപ് മാറ്റാൻ ഈ പാനലിന്റെ മുൻകൂർ അനുമതി വേണമെന്നാണ് ഡൽഹി സ്പെഷ്യൽ പൊലീസ് നിയമത്തിലെ നാലാം വകുപ്പ് നിഷ്‌കർഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി

റാഫേൽ ഇടപാട് ഉൾപ്പെടെ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സുപ്രധാനമായ കേസുകളിൽ അലോക് വർമ്മ അന്വേഷണം ആരംഭിച്ചതാണ് അദ്ദേഹത്തെ പുറത്താക്കിയതിന് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം.