ചേർത്തല: ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്ന് സുപ്രീംകോടതി പല തവണ വിധി പ്രസ്താവിച്ചിട്ടുമുണ്ട്. ഭരണഘടന സംവരണം നൽകിയിട്ടുള്ളത് പിന്നാക്ക വർഗങ്ങൾക്കാണ്. അത് മതിയായ പ്രാതിനിധ്യം ലഭിക്കുന്നതുവരെ മാത്രവുമാണ്. സാമുദായിക സംവരണം ഉണ്ടായിട്ടുപോലും ഇന്നും കേന്ദ്ര, സംസ്ഥാന സർവീസുകളിൽ പിന്നാക്ക വർഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ മുന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനെക്കാൾ കൂടുതൽ ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്തണം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിനോട് എസ്.എൻ.ഡി.പി യോഗം ഒരിക്കലും എതിരല്ല. അതിനാവശ്യമായ സാമൂഹ്യക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാവുന്നതാണ്. അല്ലാതെ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണ്. അതു ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന് വിരുദ്ധവുമാണ്. അതിനാൽ കേന്ദ്ര സർക്കാർ ഈ തീരുമാനത്തിൽ നിന്നു പിന്തിരിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.