ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്രൽ പണമിടപാടുകളെ കുറിച്ച് പഠിക്കാനും പുതിയ നിർദേശങ്ങൾ സമർപ്പിക്കാനുമുള്ള അഞ്ചംഗ ഡിജിറ്റൽ പേമെന്റ്‌സ് കമ്മിറ്രിയുടെ അദ്ധ്യക്ഷനായി നന്ദൻ നിലേക്കനിയെ റിസർവ് ബാങ്ക് നിയമിച്ചു. ഇൻഫോസിസിന്റെ സഹസ്ഥാപകനും ചെയർമാനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്രി ഒഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) മുൻ ചെയർമാനുമാണ് നന്ദൻ നിലേക്കനി.
റിസർവ് ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണർ എച്ച്.ആർ. ഖാൻ, വിജയ ബാങ്കിന്റെ മുൻ സി.ഇ.ഒ കിഷോർ ശൻസി, മുൻ ഐ.ടി. സെക്രട്ടറി അരുണ ശർമ്മ, ഐ.ഐ.എം അഹമ്മദാബാദിലെ ചീഫ് ഇന്നൊവേഷൻ ഓഫീസർ സഞ്ജയ് ജെയിൻ എന്നിവരാണ് സമിതിയിലെ മറ്രംഗങ്ങൾ. ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷയും ഉപഭോക്തൃ സംതൃപ്‌തിയും ഉയർത്താനുള്ള നിർദേശങ്ങളും സമിതി സമർപ്പിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ സമയമാണ് സമിതിക്ക് നൽകിയിരിക്കുന്നത്.