citizenship-bill

ന്യൂഡൽഹി: പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഇടത് മുന്നണിയുടെയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പ്രതിപക്ഷ പാർട്ടികളുടെയും കടുത്ത എതിർപ്പിനെ മറികടന്നാണ് ബിൽ പാസാക്കിയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ സംഘടനകൾ വോട്ടെടുപ്പിൽ പങ്കെടുത്തതുമില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ഡി.എയിൽ ഉൾപ്പെട്ട പാർട്ടികൾ പോലും ബില്ലിനെ എതിർത്തിരുന്നു. ഇന്ത്യൻ ഭരണഘടനയെ തന്നെ പൊളിച്ചെഴുത്തുന്ന രീതിയിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ആസാമിൽ നിന്നുള്ള അ​സം ഗ​ണ പ​രി​ഷ​ത്ത്​ (എ.​ജി.​പി) കഴിഞ്ഞ ദിവസം എൻ.ഡി.എ വിട്ടിരുന്നു. പൗരത്വ ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം നടക്കുമ്പോൾ ബി.ജെ.പി അത്കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എ.ജി.പി പ്രസിഡന്റും കൃഷി മന്ത്രിയുമായ അതുൽ ബോറ അരോപിച്ചു. പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത് മുതൽ സംസ്ഥാനത്ത് വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതേസമയം, ബിൽ അസമിലെ ജനങ്ങൾക്കെതിരെയാണെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി രാജ്നാഥ് സിംഗ് സഭയിൽ പറഞ്ഞു. ഇത്തരത്തിൽ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1955ലെ പൗരത്വ നിയമങ്ങളെ പൊളിച്ചെഴുതുന്നതാണ് ഇപ്പോഴത്തെ പൗരത്വ ഭേദഗതി ബിൽ. ഇതനുസരിച്ച് ആറ് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥകളുണ്ട്. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്‌ത്യൻ മതവിഭാഗങ്ങൾക്കാണ് ഇത്തരത്തിൽ പൗരത്വം ലഭിക്കുക.