supreme-court

ന്യൂഡൽഹി:അയോദ്ധ്യയിലെ ഭൂമിതർക്കക്കേസിലെ വാദം ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാൻ സുപ്രീം കോടതി തീരുമാനിച്ചു. ഈ മാസം 10 മുതൽ കേസിൽ വാദം കേൾക്കും.

ചീഫ് ജസ്‌റ്റിസിന് പുറമെ ജസ്‌റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, എൻ.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിൽ.

തർക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ 16 അപ്പീലുകളാവും ബെഞ്ച് പരിഗണിക്കുക.

കേസിൽ എങ്ങനെ വാദം കേൾക്കണം. അന്തിമവാദം എപ്പോഴാണ് തുടങ്ങുക തുടങ്ങിയ കാര്യങ്ങൾ പത്താം തീയതി പരിഗണിക്കും.

രാഷ്ട്രീയ പ്രാധാന്യമുള്ള കേസിന്റെ വാദം നേരത്തെ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യ കേസിൽ വിധി വരുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ പത്താം തീയതി വ്യക്തത വന്നേക്കുമെന്നാണ് പ്രതീക്ഷ.

അയോദ്ധ്യയിലെ 2.77ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും നിർമ്മോഹി അഖാഡയ്‌ക്കും തുല്യമായി വിഭജിച്ച് നൽകണമെന്നായിരുന്നു 2010ൽ അലഹബാദ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ് അപ്പീലുകൾ സുപ്രീം കോടതിയിൽ എത്തിയത്. അയോദ്ധ്യയിലെ തർക്ക ഭൂമി ബുദ്ധ ക്ഷേത്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതിക്ക് മുന്നിലുണ്ട്.

അതേസമയം, സുപ്രീംകോടതി വിധി കാത്ത് നിൽക്കാതെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് ആർ.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി നടപടികൾ പൂർത്തിയായ ശേഷമേ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കേസ് വേഗത്തിൽ തീർപ്പാക്കാൻ കേന്ദ്ര സർക്കാർ പക്ഷത്തു നിന്ന് പരസ്യപ്രസ്താവനകളിലൂടെ സമ്മർദ്ദം ഉയർന്നിരുന്നു.