ന്യൂഡൽഹി: റാഫേൽ അഴിമതിയിൽ നിന്ന് നരേന്ദ്ര മോദിയെ ആർക്കും രക്ഷിക്കാനാവില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. 'റാഫേൽ ഇടപാടിൽ മോദി കൈക്കൂലി വാങ്ങി. കൈപ്പറ്റിയ പണം മോദി തന്റെ സുഹൃത്തുക്കൾക്ക് വീതം വച്ച് നൽകി. ഇത് സംബന്ധിച്ച തെളിവുകൾ ഇപ്പോൾ എല്ലാവരുടെ മുന്നിലുമുണ്ട്. 30,000 കോടി രൂപ മോദി തന്റെ സുഹൃത്തായ അനിൽ അംബാനിക്ക് കൊടുത്തതിന്റെ തെളിവുകൾ ഉടൻ വെളിപ്പെടുത്തും. യു.പി.എ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന റാഫേൽ കരാർ മാറ്റാൻ എപ്പോഴാണ് മോദി തീരുമാനിച്ചത്? ഇതിൽ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ എതിർപ്പ് പ്രകടിപ്പിച്ചോ? തുടങ്ങിയ ചോദ്യങ്ങൾക്ക് മോദി രാജ്യത്തോട് ഉത്തരം പറയണം'- രാഹുൽ പറഞ്ഞു.
അതേസമയം, പാർലമെന്റിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നൽകിയ മറുപടിയിലൂടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും പൊളിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.