flynas

റിയാദ്: മാറ്റങ്ങളുടെ പാതയിലാണ് ഇപ്പോൾ സൗദി അറേബ്യ. വനിതകൾക്ക് ലൈസൻസ് നൽകുന്നതുൾപ്പെടെ പലതരത്തിലുള്ള പുതിയ നയങ്ങളാണ് സൗദിയിൽ അടുത്തിടെ ഉണ്ടായത്. ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി സൗദി വനിതകളും എയർ ഹോസ്റ്റസുമാരാകാൻ ഒരുങ്ങുകയാണ്. ഫ്ലൈനാസ് എയർലൈൻസിലാണ് സൗദി വനിതകളുടെ ആദ്യ സംഘം ഉടൻ ജോലിയിൽ പ്രവേശിക്കുക. ഇവരുടെ പരിശീലനങ്ങൾ പുരോഗമിക്കുകയാണ്. ഈ മാസം തന്നെ വനിതകൾ ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം.

സ്ത്രീകളിൽ നിന്നും പുരുഷൻമാരിൽ നിന്നും 300പേരെ തിരെഞെടുത്ത് പരിശീലനം നൽകി നിയമിക്കാനാണ് തീരുമാനം. യൂണിഫോമും ജോലി സമയവും സൗദിയുടെ പാരമ്പര്യത്തിനനുസരിച്ചായിരിക്കും ക്രമീകരിക്കുക. കൂടാതെ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും ക്രമീകരണം.

വ്യോമയാന മേഖലയിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് കൂടുതൽ ജോലി നൽകി ശാക്തീകരണം നടത്തുന്നതിനും കൂടിയാണ് ഇത്തരത്തിലൊരു തീരുമാനം എന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ സൗദി വനിതൾ നിർണായക പങ്ക് വഹിക്കേണ്ടതാണെന്നും കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. വ്യോമയാന രംഗത്ത് തൊഴിലുകൾ സ്വദേശിവത്കരിക്കുന്ന ആദ്യത്തെ കമ്പനിയാണ് ഫ്ലൈനാസ്.