തിരുവനന്തപുരം: ആൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും ആൾ ഇന്ത്യ റിസർവ് ബാങ്ക് വർക്കേഴ്സ് ഫെഡറേഷന്റെയും ആഹ്വാനപ്രകാരം റിസർവ് ബാങ്ക് ജീവനക്കാർ പണിമുടക്കി. റിസർവ് ബാങ്കിന്റെ സ്വയംഭരണാവകാശം നിലനിറുത്തുക, റിസർവ് ബാങ്കിനെ സംരക്ഷിക്കുക, റിസർവ് ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യമായ പെൻഷൻ പുതുക്കൽ സംബന്ധിച്ച് കേന്ദ്രസർക്കാർ പുലർത്തുന്ന നിസംഗത അവസാനിപ്പിക്കുക, എൻ.പി.എസുകാർക്ക് കോൺട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിയത്. റിസർവ് ബാങ്ക് ജീവനക്കാർ ബാങ്കിന് മുന്നിൽ പ്രകടനം നടത്തി. റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി പ്രശാന്ത്, റിസർവ് ബാങ്ക് വർക്കേഴ്സ് യൂണിയൻ ചീഫ് സെക്രട്ടറി കെ. സതീശൻ നായർ എന്നിവർ സംസാരിച്ചു.