കോഴിക്കോട്: ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ മിഠായിത്തെരുവിൽ അതിക്രമം കാട്ടിയ കേസിൽ 31 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കോഴിക്കോട് ടൗൺ പൊലീസ് അറിയിച്ചു.അറസ്റ്റിലായവരെല്ലാം ശബരിമല കർമ്മ സമിതി പ്രവർത്തകരാണ്.
കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ മിഠായിത്തെരുവിലെ വ്യാപാരികൾ കടകൾ തുറന്നതിനെതുടർന്നാണ് വ്യാപകമായ അക്രമം നടന്നത്.ഹർത്താൽവിരുദ്ധ കൂട്ടായ്മയുടെ ഭാഗമായിട്ടാണ് വ്യാപാരികൾ സംഘടിച്ച് എത്തി കടകൾ തുറന്നത്.
അക്രമം തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയർന്നിരുന്നു.ടൗൺ പൊലീസ് ഇൻസ്പെക്ടർ എ.ഉമേഷ് ശബരിമല ഡ്യൂട്ടിയിലായതും അക്രമം കാര്യക്ഷമമായി തടയുന്നതിൽ വീഴ്ചയ്ക്ക് കാരണമായി.അക്രമം തടയുന്നതിലെ വീഴ്ചയെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.ഇതോടൊപ്പം അന്ന് കോഴിക്കോട് റൂറൽ എസ്.പിയുടെ ചാർജ്ജ് വഹിക്കേണ്ടി വന്നത് കാരണം സ്ഥലത്ത് ഇല്ലാതിരുന്ന ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ടി.ജെ ടോമിയെ ആലപ്പുഴ എസ്.പിയായും സ്ഥലം മാറ്റി.
പൊതു പണിമുടക്കിനോടനുബന്ധിച്ചുള്ള ക്രമസമാധാന പ്രശ്നം വിലയിരുത്താൻ സിറ്റി പൊലീസ് കമ്മിഷണറും ഡെപ്യൂട്ടി പൊലീസ് കമ്മിഷണറും ഇന്നലെ ഉച്ചയോടെ മിഠായിത്തെരുവ് സന്ദർശിച്ചു.മിഠായിത്തെരുവിലെ പകുതിയിലധികം കടകളും ഇന്നലെ തുറന്നിരുന്നു.