ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, സംവരണ പട്ടികയിൽ വരാത്ത എല്ലാവർക്കും 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന്മേൽ ലോക്സഭയിൽ ഇന്നലെ രാത്രി വൈകിയും ചർച്ച തുടരുന്നു. വ്യവസ്ഥകളിൽ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ ബിൽ പാസായേക്കും. ബിൽ ഇന്നു തന്നെ പാസാക്കി, നാളെ രാജ്യസഭയിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഇതിനായി രാജ്യസഭ സമ്മേളിക്കുന്നത് ഇന്നത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.
കോൺഗ്രസ്, ബി.ജെ.ഡി, സി.പി.എം, ടി.ആർ.എസ്, ശിവസേന തുടങ്ങിയ കക്ഷികൾ ബില്ലിനെ പിന്തുണച്ച് സംസാരിച്ചു. എന്നാൽ, ധൃതി പിടിച്ച് ബില്ലു കൊണ്ടുവന്നതിനെ പ്രതിപക്ഷം ഒന്നടങ്കം വിമർശിച്ചു. ലോക്‌സഭയിൽ ഉച്ചയ്ക്ക് സാമൂഹ്യനീതി മന്ത്രി താവർചന്ദ് ഗെലോട്ട് അവതരിപ്പിച്ച ബില്ലിന്മേൽ വെെകിട്ട് 5 മണിയോടെയാണ് ചർച്ച തുടങ്ങിയത്.
തൃണമൂൽ കോൺഗ്രസും അണ്ണാ ഡി.എം.കെയും ബില്ലിനെ എതിർത്തു.
നിലവിലെ സംവരണ വിഭാഗങ്ങൾക്കു പുറത്തുള്ള പൊതുവിഭാഗത്തിൽ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് സാമ്പത്തിക പിന്നാക്കാവസ്ഥ നിശ്ചയിക്കപ്പെടുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള 124-ാം ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
സാമ്പത്തിക സംവരണത്തെ എതിർക്കുന്നില്ലെങ്കിലും സർക്കാർ തീരുമാനം ധൃതിപിടിച്ച് എടുത്തതാണെന്നു വിമർശിച്ച കോൺഗ്രസ് നേതാവ് കെ.വി. തോമസ്, വിഷയം സംയുക്ത പാർലമെന്ററി സമിതിക്കു വിടണമെന്ന് ആവശ്യപ്പെട്ടു. സംവരണത്തിന് ആധാരമാക്കുന്ന സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ചതിൽ ആശയക്കുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സാമ്പത്തിക സംവരണത്തോട് അനുകൂല നിലപാട് പ്രകടിപ്പിച്ച സി.പി.എം ഇന്ന് അല്പമൊന്ന് ചുവടുമാറ്റുകയായിരുന്നു. ചർച്ച കൂടാതെയുള്ള തീരുമാനം സംയുക്ത സമിതിയുടെ പരിശോധനയ്ക്കു വിടണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാവിലെ മാദ്ധ്യമ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തിക സംവരണം തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്ന കോൺഗ്രസ് ബില്ലിനെ പൂർണമായി അനുകൂലിക്കുകയാണ് വേണ്ടതെന്ന് ചർച്ചയ്ക്കിടെ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. പുതിയ ബിൽ, നിലവിൽ സുപ്രീംകോടതി അനുവദിച്ചിട്ടുള്ള 50 ശതമാനം സാമുദായിക സംവരണത്തിന് വിഘാതമാകുമെന്ന പ്രതിപക്ഷ വാദം ജയ്റ്റ്ലി തള്ളി. പൊതുവിഭാഗത്തിലാണ് 10 ശതമാനം സാമ്പത്തിക സംവരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബില്ലിനെ എതിർത്തു സംസാരിച്ച ഡെപ്യൂട്ടി സ്പീക്കർ കൂടിയായ എ.ഐ.എ.ഡി.എം.കെ നേതാവ് എം. തമ്പിദുരൈ, പാവങ്ങൾക്കായുള്ള കേന്ദ്ര പദ്ധതികൾ പരാജയപ്പെട്ടതുകൊണ്ടാണോ സാമ്പത്തിക സംവരണമെന്ന് ചോദിച്ചു. തമിഴ്നാട്ടിൽ പിന്നാക്കക്കാർക്കുള്ള സംവരണം 69 ശതമാനമാക്കണം എന്നും ദുരൈ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിനായി ധൃതിപിടിച്ച് ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്ന സർക്കാർ എന്തുകൊണ്ടാണ് വനിതാ സംവരണ ബിൽ പാസാക്കാൻ ഇതേ ശുഷ്കാന്തി കാണിക്കാത്തത് എന്ന് തൃണമൂൽ എം.പി സുദീപ് ബന്ദോപാദ്ധ്യായ ചോദിച്ചു.