മങ്കൊമ്പ്: ഭർത്താവിനൊപ്പം വീട്ടിൽ കിടന്നുറങ്ങിയ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ പുലർച്ചെ വീടിനു പിന്നിൽ കണ്ടെത്തി. വെളിയനാട് ഗ്രാമപഞ്ചായത്ത് കുന്നങ്കരി പുലിമുഖത്ത് അമ്പലംകുന്ന് വീട്ടിൽ ലാൽജിയുടെ ഭാര്യ ജ്യോതിയാണ് (26) മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ ഭർത്തൃമാതാവ് ലില്ലിക്കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടെതെന്ന് പൊലീസ് പറയുന്നു. തലേന്നു രാത്രി 10.30ഓടെ ഭർത്താവിനും മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്നതാണ്. മൃതദേഹം കണ്ടെത്തിയതോടെ ബന്ധുക്കളും നാട്ടുകാരും അറിയിച്ചതനുസരിച്ച് രാമങ്കരി പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷം പൂർത്തിയായില്ല. യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടനാട് തഹസിൽദാർ ആന്റണി സ്‌കറിയയുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്. ജ്യോതിയുടെ ശരീരത്തിൽ പെട്രോളിന്റെ അംശമുണ്ടായിരുന്നു. സമീപത്തുനിന്ന് കന്നാസിന്റെ അടപ്പും ലൈറ്ററും കണ്ടെത്തി.ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന് ചേന്നങ്കരി കൂലിപ്പുരയ്ക്കൽ ലൂർദ്ദ് മാതാ പള്ളിയിൽ. ചേന്നങ്കരി വേണാട്ടുകാട് പാലയ്ക്കൽചിറ കുഞ്ഞുമോൻ-തങ്കമ്മ ദമ്പതികളുടെ മകളാണ്. മൂന്നു വയസുള്ള ലയ ഏകമകൾ.