mla

ന്യൂഡൽഹി: ഗുജറാത്തിലെ മുൻ ബി.ജെ.പി എം.എൽ.എ ജയന്തിലാൽ ഭാനുശാലി ട്രെയിൻ യാത്രക്കിടെ വെടിയേറ്റുമരിച്ചു. സായ്ജി നഗരി എക്സ്പ്രസിൽ വച്ചായിരുന്നു വെടിയേറ്റത്. നബുജിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രക്കിടെ അജ്ഞാതന്റെ വെടിയേറ്റാണ് ജയന്തിലാൽ കൊല്ലപ്പട്ടത്. എ.സി കോച്ചിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. കൊലയാളി എ.സി കോച്ചിൽ കടക്കുകയും ഇദ്ദേഹത്തിന് നേരെ വെടിവയ്ക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിലും കണ്ണിലുമായിരുന്നു വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാൽ അജ്ഞാതൻ എങ്ങനെയാണ് എ.സി കോച്ചിൽ എത്തിയെന്നതിനെ കുറിച്ച് വ്യക്തതയില്ല. സുരക്ഷാ വീഴ്ചയെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി അഹമ്മദാബാദ് പൊലീസ് അറിയിച്ചു.സംഭവത്തെ തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ നിന്ന് എം.എൽ.എ ഉണ്ടായിരുന്ന കോച്ച് മാറ്റിയ ശേഷമായിരുന്നു അന്വേഷണം. എ.സി കോച്ചിന്റെ ഒരു ഭാഗത്ത് നിന്ന് വെടിയുണ്ടകൾ ഫോറൻസിക് വിദഗ്ദർക്ക് ലഭിച്ചു.

കഴിഞ്ഞ വർഷം ഇദ്ദേഹത്തിനെതിരെ ഒരു ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജയന്തിലാൽ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് ഒരു യുവതിയാണ് രംഗത്തെത്തിയത്. ഫാഷൻ ഡിസൈനിംഗ് കോളേജിൽ പ്രവേശനം നേടി തരാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു 21കാരിയുടെ ആരോപണം. സംഭവത്തെ തുടർന്ന് അദ്ദേഹം രാജി വെക്കുകയായിരുന്നു.