കോട്ടയം: മകരവിളക്ക് ദിനത്തിൽ 10000 മല അരയ കുടുംബങ്ങൾ ശബരിമലയിൽ ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ അറിയിച്ചു. പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ അവകാശ പുനസ്ഥാപന ദീപം തെളിയിക്കാനാണ് ശ്രമമെന്ന് ഐക്യ മല അരയ മഹാസഭ നേതാക്കൾ അറിയിച്ചു. ശബരിമലയിലെ ഉടമസ്ഥാവകാശങ്ങൾ കവർന്നെടുത്തതിനെതിരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
1949 വരെ പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നു. പിന്നീട് ഇവരിൽ നിന്നും അവകാശം ബലമായി കവർന്നെടുക്കുകയായിരുന്നു. അവകാശങ്ങൾ തിരികെ ലഭിക്കുന്നതിനായി 2563 ദിവസങ്ങളായി ഉടുമ്പാറമലയിലെ അമ്പലത്തിൽ കെടാവിളക്കുമായി കാത്തിരിക്കുകയാണ് മല അരയ സമുദായം.ശബരിമലയിലെ അവകാശങ്ങൾക്ക് വേണ്ടി ഏഴ് പതിറ്റാണ്ടായി നടത്തിവരുന്ന സമരം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ സജീവ് അറിയിച്ചു.
പൊന്നമ്പലമേട്ടിൽ അവസാനം ദീപം തെളിയിച്ചത് പുത്തൻവീട്ടിൽ കുഞ്ഞൻ എന്നയാളാണ്. ഉടുമ്പാറ മലയിലെ കെടാവിളക്കിൽ നിന്നും ഇദ്ദേഹത്തിന്റെ മരുമകൾ രാജമ്മ അയപ്പന്റെ (75) കുടുംബത്തിലേക്ക് പി.കെ സജീവ് ദീപം പകരും.