signature

സിനിമ കണ്ടു കഴിഞ്ഞെങ്കിൽ ഇനി ടിവി ചുരുട്ടി വെക്കാം... എന്താ അതിശയം തോന്നുന്നുണ്ടോ?​ സംഭവം സത്യമാണ്,​ ആവശ്യം കഴിഞ്ഞാൽ ചുരുട്ടി വെക്കാവുന്ന ലോകത്തിലെ ആദ്യത്തെ റോളബിൾ ഒ.എൽ.ഇ.ടി ടിവിയുമായി എത്തിയിരിക്കകയാണ് ഇലക്ട്രോണിക്സ് ഭീമൻ എൽ.ജി. ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇല്ക്ട്രോണിക്സ് ഷോയിലാണ് എൽ.ജി പുതിയ അതിഥിയെ പരിചയപ്പെടുത്തിയത്.

65ഇഞ്ച് വലിപ്പമുള്ള സിഗ്നേച്ചർ ഒ.എൽ.ഇ.ടി ടിവിയാണ് അവതരിപ്പിച്ചത്. ഉപയോഗിച്ച് കഴിഞ്ഞാൽ ടിവി ഒരു ബോക്സിനുള്ളിലേക്ക് ചുരുണ്ട് പോകും. ഈ വർഷം ടിവി വിപണിയിലെത്തിക്കുമെന്ന് എൽ.ജി അറിയിച്ചു. സാധാരണ ടിവിക്കായി ഉപയോഗിക്കുന്ന അത്ര സ്ഥലം ഇതിന് ആവശ്യമില്ല,​ കൂടാതെ ബോക്സിനുള്ളിലായതിനാൽ ഇത് കൊണ്ടു നടക്കാനും സാധിക്കുമെന്നതും എടുത്ത് പറയത്തക്ക പ്രത്യേകതയാണ്.


ടി.വി ഫുൾ വ്യൂ,​ ലൈൻ വ്യൂ,​ സീറോ വ്യൂ എന്നിങ്ങനെ മൂന്ന് രീതിയിൽ ഉപയോഗിക്കാൻ കഴിയും. ഫുൾ സ്ക്രീൻ മുഴുവനായി ഉപയോഗിക്കുന്ന രീതിയാണ് ഫുൾവ്യൂ. ക്ലോക്ക്,​ മ്യൂസിക് എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി ടി.വിയുടെ പകുതി മാത്രം ഉപയോഗിക്കുന്നതാണ് ലൈൻവ്യൂ. സ്ക്രീൻ ആവശ്യമില്ലാതെ പാട്ട് കേൾക്കാനും മറ്റ് ശബ്ദ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് സീറോവ്യൂ.

എൽ.ജിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് ടിവിയാണ് സിഗ്നേച്ചർ. ആമസോണിന്റെ അലക്സ ഉപയോഗിച്ച് ശബ്ദ നിർദ്ദേശത്തിലൂടെ ടി.വി നിയന്ത്രിക്കാൻ സാധിക്കും. ആപ്പിൾ എയർ പ്ലേയും ഇതിൽ ഉപയോഗിക്കാൻ സാധിക്കും. അതിനാൽ സിറി ഉപയോഗിച്ചും ടിവി നിയന്ത്രിക്കാൻ സാധിക്കും.100 വാട്സിന്റെ ഫ്രണ്ട് ഫയറിംഗ് ഡോൾബി അറ്റ്മോസ് ഓഡിയോ സംവിധാനമാണ് സിഗ്നേച്ചറിൽ ഉപയോഗിച്ചിരിക്കുന്നത്.