അബുദാബി : എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇറാഖ് 3-2ന് വിയറ്റ്നാമിനെ കീഴടക്കി.ആദ്യ പകുതിയിൽ 2-1ന് മുന്നിട്ടുനിന്നിരുന്ന വിയറ്റ്നാമിനെ രണ്ടാം പകുതിയിലെ രണ്ടുഗോളുകൾ കൊണ്ടാണ് ഇറാഖ് മറികടന്നത്.
കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ വൻകരയിലെ കരുത്തൻമാരായ ദക്ഷിണ കൊറിയയും ഇറാനും വിജയം നേടി. ദക്ഷിണ കൊറിയ ഏകപക്ഷീയമായ ഒരു ഗോളിന് ഫിലിപ്പീൻസിനെ തോൽപ്പിച്ചപ്പോൾ ഇറാനെ യെമനെതിരെ 5-0 ത്തിന്റെ അത്യുജ്ജ്വല വിജയമാണ് നേടിയത്.
റാഷിദ് അൽ മഖ്തൂം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 67-ാം മിനിട്ടിൽ ഹവാംഗ് ഉയ്ജോ നേടിയ ഗോളിനായിരുന്നു ദക്ഷിണ കാെറിയ ഫിലിപ്പീൻസിനെ തോൽപ്പിച്ചത്. ഈ വിജയത്തോടെ മൂന്ന് പോയിന്റുകൾ നേടിയ കൊറിയ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ കിർഗിസ്ഥാനെ 2-1 ന് കീഴടക്കിയ ചൈനയാണ് ഗ്രൂപ്പിൽ ഒന്നാമത്.
മുഹമ്മദ് ബിൻ സയ്ദ് സ്റ്റേഡിയത്തിൽ മെഹ്ദി തരേമിയുടെ ഇരട്ട ഗോളുകളുടെ അകമ്പടിയോടെയാണ് ഇറാൻ യെമനെ കീഴടക്കിയതത്. 12-ാം മിനിട്ടിലും 25-ാം മിനിട്ടിലുമാണ് തരേമി സ്കോർ ചെയ്തത്. 23-ാം മിനിട്ടിൽ ദെജേഗാ 53-ാം മിനിട്ടിൽ അസ്മൗൻ, 78-ാം മിനിട്ടിൽ ഗോഡോസ് എന്നിവരാണ് ഇറാന്റെ മറ്റു ഗോളുകൾ നേടിയത്. ഈ വിജയത്തോടെ മൂന്ന് പോയിന്റ് നേടിയ ഇറാൻ ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി.
കേരള താരങ്ങൾ പെരുവഴിയിൽ
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനായി പൂനെയിലെത്തിയ മലയാളി താരങ്ങൾക്ക് ഇന്നലെ താമസസൗകര്യം ലഭിക്കാൻ ലഭിക്കാൻ ഏറെ വൈകി. ഉച്ചയോടെ പൂനെ റെയിൽവേ സ്റ്റേഷനിലെത്തിയ കേരള ടീമിനെ താമസസ്ഥലത്തെത്തിക്കാൻ രാത്രി വൈകിയാണ് അധികൃതർ തയ്യാറായത്.