ദുബായ് : ആസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 521 റൺസ് നേടി പ്ളേയർ ഒഫ് ദ സിരീസായ ചേതേശ്വർ പുജാര ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ ഒരു പടവ് ഉയർന്ന് മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലിയാണ് ഒന്നാം സ്ഥാനത്ത്.
ആസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ മികച്ച രണ്ടാമത്തെ റൺവേട്ടക്കാരനായ ഋഷഭ് പന്ത് 21 പടവുകൾ കയറി 17-ാം റാങ്കിലെത്തി. ഒരു ഇന്ത്യക്കാരനായ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന ബാറ്റ്സ്മാൻ റാങ്ക് എന്ന ഫാറൂഖ് എൻജിയറുടെ 1973ലെ റെക്കാഡിനൊപ്പം പന്ത് എത്തി. 19-ാം റാങ്കാണ് ധോണിയുടെ കരിയർ ബെസ്റ്റ്.
ബൗളർമാരിൽ ജസ്പ്രീത് ബുംറ 16-ാം സ്ഥാനത്ത് തുടരുകയാണ്. കുൽദീപ് യാദവ് ഏഴ് പടവുകൾ ഉയർന്ന് 45-ാം റാങ്കിലെത്തി. ഷമി ഒരു പടവ് ഉയർന്ന് 22-ാം സ്ഥാനത്തെത്തി.
ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും ആസ്ട്രേലിയ അഞ്ചാം സ്ഥാനത്തും തുടരുകയാണ്.