ന്യൂഡൽഹി: കോൺഗ്രസിന്റെ വനിതാ വിഭാഗമായ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അപ്സര റെഡ്ഡി നിയമിതയായി. കോൺഗ്രസിന്റെ 134 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ ഭാരവാഹി ആകുന്നത്.
കോൺഗ്രസ്, മഹിളാ കോൺഗ്രസ് ട്വിറ്റർ പേജുകൾ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം അപ്സര റെഡ്ഡി നിൽക്കുന്ന ഫോട്ടോ സഹിതമാണ് ട്വീറ്റുകൾ.
നേരത്തെ ബി.ജെ.പി അനുഭാവിയായിരുന്ന മുൻ മാദ്ധ്യമപ്രവർത്തക കൂടിയായ അപ്സര റെഡ്ഡി 2016ൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്നിരുന്നു. ജയലളിതയുടെ മരണത്തിന് ശേഷം ശശികല അനുകൂലികളുടെ കൂടെയായിരുന്നു അപ്സര റെഡ്ഡി.
മാദ്ധ്യമപ്രവർത്തനത്തിൽ ബിരുദം നേടിയിട്ടുള്ള അപ്സര അന്വേഷണാത്മക പത്രപ്രവർത്തനത്തിലാണ് വൈദഗ്ദ്യം നേടിയിരിക്കുന്നത്.