ന്യൂഡൽഹി : മുന്നാക്ക സമുദായങ്ങളുടെ വർഷങ്ങളായുള്ള മുഖ്യ ആവശ്യമായ സാമ്പത്തിക സംവരണം ബിൽ ലോക്സഭയിൽ പാസായി. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബില്ലാണ് പാർലമെന്റിൽ പാസായത്. ഇതുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പിൽ 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. സി.പി.എമ്മും കോൺഗ്രസും അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്ന് പേർ എതിർത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിൽ നിന്ന് അണ്ണാ ഡി.എം.കെ ഇറങ്ങിപ്പോയി.
ലോക്സഭയിൽ പാസായതോടെ നാളെ രാജ്യസഭയിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ബിൽ അവതരിപ്പിച്ചപ്പോൾ ഒരു പാർട്ടിയും എതിർത്തിരുന്നില്ല. എന്നാൽ ബിൽ ചർച്ചക്കെടുത്തപ്പോൾ സി.പി.എമ്മും മറ്റ് പാർട്ടികളും എതിർപ്പുമായി വന്നു. കോൺഗ്രസിന് വേണ്ടി സംസാരിച്ച കെ.വി തോമസ് തിരക്കിട്ട് ബിൽ കൊണ്ടുവന്നത് ഉചിതമല്ലെന്ന അഭിപ്രായപ്പെട്ടു. എന്നാൽ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മായാവതി ബില്ലിനെ പിന്തുണച്ചപ്പോൾ ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും എതിർപ്പ് പ്രകടിപ്പിച്ചു.
പൗരത്വ നിയമഭേദഗതി ബിൽ പാസാക്കിയ ശേഷമാണ് സംവരണ ബിൽ ലോക്സഭ പരിഗണിച്ചത്. ബിൽ വീണ്ടും സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്പീക്കർ ആവശ്യം നിഷേധിതോടെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും സഭ ബഹിഷ്‌ക്കരിച്ചു.