കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻ.ഡി.എയുടെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഘടകക്ഷികളുമായി ഇന്നലെ കൊച്ചിയിൽ നടന്ന സീറ്റ് ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യം അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചത്. ധാരണയായ സീറ്റുകളുടെ പട്ടിക കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. അവിടുന്നുള്ള അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും.
അനന്തമായ സാദ്ധ്യതയാണ് എൻ.ഡി.എക്ക് ഇപ്പോൾ കേരളത്തിലുള്ളത്. യു.ഡി.എഫിന്റെ നിഷ്‌ക്രിയത്വവും എൽ.ഡി.എഫിന്റെ അക്രമരാഷ്ട്രീയവും മടുത്ത ജനങ്ങൾ എൻ.ഡി.എക്കു പിന്തുണ നൽകുമെന്നാണു പൊതുവായ വിലയിരുത്തൽ. ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ സർവേകളിലെല്ലാം കേരളത്തിൽ എൻ.ഡി.എയുടെ സാദ്ധ്യതകൾ വ്യക്തമായിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.
എൻ.ഡി.എക്കു പാകമായ അന്തരീക്ഷമാണ് കേരളത്തിൽ. കേരളത്തിലെ ഭരണപരാജയം കൈമുതലാക്കി എൻ.ഡി.എ മുന്നേറുമെന്നും ഇത് സുവർണാവസരമാണെന്ന് പറഞ്ഞാലും തെറ്റില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഫെബ്രുവരി 20നകം ലോക്‌സഭാ കൺവൻഷനുകൾ പൂർത്തിയാക്കും. ശബരിമലയിലെ സർക്കാർ നടപടിക്കെതിരെ എൻ.ഡി.എ സമാഹരിച്ച ഒരു കോടി ഒപ്പുകൾ 17ന് ഗവർണർക്കു സമർപ്പിക്കും. ജനാധിപത്യവിരുദ്ധമായ പൊലീസ് വേട്ടയാടലിനെതിരെ 16ന് 11 ജില്ലകളിൽ ഉപവാസം നടത്തും.